ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ.
ആദ്യം മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ആറ് വിക്കറ്റിന് തകര്‍ത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. അതേസമയം മറുഭാഗത്ത് ആദ്യ തോല്‍വിയില്‍ നിന്നും കരകയറാനും പരമ്പരയില്‍ ഒപ്പം എത്താനും ആയിരിക്കും അഫ്ഗാനിസ്ഥാന്‍ ഇറങ്ങുക.
ആവേശകരമായ മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. അഫ്ഗാനിസ്ഥാനെതിരെ കളത്തിലിറങ്ങുന്നതോടെ ടി-20 ക്രിക്കറ്റില്‍ 150 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത അവിസ്മരണീയമായ നേട്ടമാണ് രോഹിത് സ്വന്തമാക്കുക.
ടി-20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങള്‍
(താരം, മത്സരം എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – 149
പോള്‍ സ്റ്റിര്‍ലിങ് – 134
ജോര്‍ജ് ഡോക്രല്‍ -128
ഷൊയ്ബ് മാലിക് – 124
മാര്‍ട്ടിന്‍ ഗുപ്റ്റില്‍ – 122
ഇന്ത്യക്കായി 2007ല്‍ ടി-20 ഫോര്‍മാറ്റില്‍ അരങ്ങേറിയ രോഹിത് 149 മത്സരങ്ങളില്‍ നിന്നും 3853 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. ഇതില്‍ നാല് സെഞ്ച്വറികളും 29 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടും. 139.15 എന്ന പ്രഹരശേഷിയില്‍ ബാറ്റ് വീശുന്ന ഇന്ത്യന്‍ നായകന്റെ ടി-20 ആവറേജ് 30.58 ആണ്.
നീണ്ട ഇടവേളയ്ക്ക് ശേഷം ആയിരുന്നു രോഹിത് ശര്‍മ ഇന്ത്യക്കായി ടി-20 കളിക്കാന്‍ എത്തിയത്. കഴിഞ്ഞ മത്സരത്തില്‍ രണ്ടു പന്തില്‍ നിന്നും റണ്‍സ് ഒന്നും എടുക്കാതെ രോഹിത് പുറത്താവുകയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ നായകനെ ബാറ്റില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Rohit sharma waiting a another record against Afghanistan.