| Tuesday, 26th April 2022, 11:54 am

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും ടി-20യ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ നടക്കുന്ന ടി-20 മത്സരങ്ങളുടെ ടീമില്‍ നിന്നും നായകന്‍ രോഹിത് ശര്‍മ, സൂപ്പര്‍ താരം വിരാട് കോഹ്‌ലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരെ ഒഴിവാക്കി. മത്സരങ്ങളുടെ അമിത ഭാരം കാരണമാണ് സൂപ്പര്‍ താരങ്ങള്‍ക്ക് ബി.സി.സി.ഐ വിശ്രമം അനുവദിച്ചിരിക്കുന്നത്.

ഐ.പി.എല്‍ മത്സരങ്ങള്‍ അവസാനിച്ച് 11 ദിവസത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം. ഐ.പി.എല്ലും വരാനിരിക്കുന്ന ടി-20 ലോകകപ്പും പരിഗണിച്ചാണ് ബി.സി.സി.ഐ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

‘ജൂണ്‍ അഞ്ച് മുതല്‍ ജൂണ്‍ 19 വരെ അഞ്ച് നഗരങ്ങളിലായി അഞ്ച് ടി-20 മത്സരങ്ങളാണ് നടക്കാനുള്ളത്. എല്ലാ താരങ്ങളും മത്സരത്തിന്റെ ഭാഗമാവില്ല.

ചില താരങ്ങള്‍ക്ക് എല്ലാ മത്സരത്തില്‍ നിന്നും ചില താരങ്ങള്‍ക്ക് ചില മത്സരത്തില്‍ നിന്നും വിശ്രമം അനുവദിച്ചേക്കാം,’ ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ദരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘താരങ്ങള്‍ക്ക് മതിയായ വിശ്രമം നല്‍കിയില്ലെങ്കില്‍ അത് അവരുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. കോച്ചിനോട് സംസാരിച്ച ശേഷമായിരിക്കും സെലക്ടര്‍മാര്‍ താരങ്ങള്‍ക്ക് എത്രത്തോളം സമയം വിശ്രമം ആവശ്യമുണ്ടെന്ന് തീര്‍പ്പാക്കുക,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ദല്‍ഹി, കട്ടക്ക്, വിശാഖ്, രാജ്‌കോട്ട്, ബെംഗളൂരു എന്നിവിടങ്ങളിലായാണ് മത്സരം നടക്കുന്നത്.

Content Highlight:  Rohit Sharma, Virat Kohli and Jasprit Bumrah likely to miss T20I series against South Africa
We use cookies to give you the best possible experience. Learn more