| Wednesday, 22nd March 2023, 5:52 pm

ലോക റെക്കോഡിന് രണ്ട് റണ്‍സകലെ 'രോ-ഹ്‌ലി' സഖ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ: ലോക ക്രിക്കറ്റില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഇന്ത്യന്‍ ബാറ്റര്‍മാരാണ് രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ല. എങ്കിലും ഇന്ന് നടക്കുന്ന ഏകദിനത്തില്‍ ഒരു ലോക റെക്കോഡ് ഇവര്‍ക്ക് മുന്നിലുണ്ട്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അയ്യായിരം റണ്‍സ് കൂട്ടുകെട്ടെന്ന റെക്കോഡാണ് രണ്ട് റണ്‍സകലെ ഇരുവരെയും കാത്തിരിക്കുന്നത്.

85 ഇന്നിങ്‌സുകളില്‍ നിന്ന് 62.47 ശരാശരിയില്‍ 4998 റണ്‍സാണ് ഇന്ത്യയുടെ സൂപ്പര്‍ ബാറ്റര്‍മാര്‍ ഏകദിന കൂട്ടുകെട്ടില്‍ നിന്ന് ഇതുവരെയും സ്വന്തമാക്കിയിട്ടുള്ളത്. അതില്‍ 18 സെഞ്ച്വറി കൂട്ടുകെട്ടുകളും 15 അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുകളുമുണ്ട്.

വെസ്റ്റ് ഇന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജ്-ഡെസ്മണ്ട് ഹെയ്ന്‍സ് സഖ്യത്തിന്റെ പേരിലാണ് നിലവില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികച്ചതിന്റെ റെക്കോഡുള്ളത്. 97 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ഈ നേട്ടം.

ഓസ്‌ട്രേലിയന്‍ താരങ്ങളായ ആദം ഗില്‍ക്രിസ്റ്റ്-മാത്യു ഹെയ്ഡന്‍ സഖ്യം 104 ഇന്നിങ്‌സുകളില്‍ നിന്നും ശ്രീലങ്കന്‍ താരങ്ങളായ തിലകരത്‌നെ ദില്‍ഷന്‍-കുമാര്‍ സംഗക്കാര സഖ്യം 105 ഇന്നിങ്‌സുകളില്‍ നിന്നുമാണ് 5000 റണ്‍സ് തികച്ചത്.

4000 റണ്‍സ് കടന്ന ബാറ്റിങ് കൂട്ടുകെട്ടുകളില്‍ 60ന് മേല്‍ ശരാശരിയുള്ളത് രോഹിത് ശര്‍മ-വിരാട് കോഹ്‌ലി സഖ്യത്തിന് മാത്രമാണ്. ലോക ക്രിക്കറ്റില്‍ ഏറ്റവുമുയര്‍ന്ന റണ്‍സ് പാര്‍ട്‌നര്‍ഷിപ് ഉള്ളത് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും സൗരവ് ഗാംഗുലിക്കുമാണ്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടുകളില്‍ നിന്ന് 8227 റണ്‍സാണ് പിറന്നത്. ഈ ലിസ്റ്റില്‍ എട്ടാം സ്ഥാനത്താണ് കോഹ്‌ലി-രോഹിത് സഖ്യം.

ചെന്നൈയിലെ ചെപ്പോക്കില്‍ ബുധനാഴ്ച നടക്കുന്ന മൂന്നാം ഏകദിന മത്സരമാണ് ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര വിജയികളെ തീരുമാനിക്കുന്നത്. സീരീസിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസീസ് ശക്തമായി തിരിച്ച് വന്നിരുന്നു. മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49 ഓവറില്‍ 269 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlighs: Rohit Sharma, Virat Kohli 2 Runs Away From World Record

We use cookies to give you the best possible experience. Learn more