ഇന്ത്യന്‍ ടീമിലെ ഏറ്റവും ഫണ്ണി ക്യാരക്ടറുള്ള താരമാണ് സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍. മത്സരത്തിന് മുമ്പും ശേഷവും താരമൊപ്പിക്കുന്ന തമാശകളും സഹ താരങ്ങളെ പ്രാങ്ക് ചെയ്യുന്നതും കളിക്കളത്തിലെ വിക്കറ്റ് സെലിബ്രേഷനുമെല്ലാം ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്.
ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ഏകദിനത്തിന് മുമ്പുള്ള ചഹലിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമിനെ കുറിച്ച് ആരാധകരോട് വിവരിക്കുന്ന താരത്തിന്റെ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.
ഡ്രസ്സിങ് റൂമിനകത്തേക്ക് വന്ന ചഹല്‍ അവിടെയെല്ലാം ചുറ്റി നടന്ന് ഓരോ മുക്കും മൂലയും പരിചയപ്പെടുത്തുകയായിരുന്നു.
‘ഇതാണ് നമ്മുടെ ക്യാപ്റ്റന്‍ രോഹിത് ഭയ്യ, വിരാട് ഭയ്യയും ഒപ്പമുണ്ട്. ഇത് ഹര്‍ദിക് പാണ്ഡ്യയുടെ ബാഗാണ്. പുറകില്‍ ഒരുപാട് സീറ്റുകളുള്ളത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഇവിടെയാണ് താരങ്ങള്‍ ഇരിക്കാറുള്ളത്,’ എന്ന് പറഞ്ഞുകൊണ്ടാണ് ചഹല്‍ ഡ്രസ്സിങ് റൂമിനെ പരിചയപ്പെടുത്തുന്നത്.
ഇതിനിടെ ഇഷാന്‍ കിഷനടുത്ത് ചെന്ന് ചെറിയ തോതിലുള്ള തമാശകള്‍ ഒപ്പിക്കാനും ചഹല്‍ ശ്രമം നടത്തുന്നുണ്ട്.
ഇതിന് പിന്നാലെയായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചഹലിനെ എയറിലാക്കിയത്. ഡ്രസ്സിങ് റൂമിലെ മസാജ് ടേബിളിനെ കുറിച്ച് വിവരിച്ചുകൊണ്ടിരിക്കവെ രോഹിത് ശര്‍മ ‘നിനക്കിതില്‍ നല്ല ഭാവിയുണ്ട്,’ എന്ന് പറയുകയായിരുന്നു. ചിരിച്ചുകൊണ്ടാണ് ചഹല്‍ രോഹിത്തിന്റെ ആ കമന്റിനെ വരവേറ്റത്.
Inside #TeamIndia‘s dressing room in Raipur! 👌 👌
𝘼 𝘾𝙝𝙖𝙝𝙖𝙡 𝙏𝙑 📺 𝙎𝙥𝙚𝙘𝙞𝙖𝙡 👍 👍 #INDvNZ | @yuzi_chahal pic.twitter.com/S1wGBGtikF
— BCCI (@BCCI) January 20, 2023
ഇതിന് ശേഷവും ചഹല്‍ ഡ്രസ്സിങ് റൂം മുഴുവന്‍ ചുറ്റി നടന്ന് കാണിക്കുകയും ഒപ്പം താരങ്ങളുടെ ഭക്ഷണം എന്തൊക്കെയാണെന്ന് പേര് പറഞ്ഞ് പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിനാണ് ഇപ്പോള്‍ കളമൊരുങ്ങുന്നത്.
റായ്പൂരിലെ വീര്‍ ഷഹീദ് നാരായണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.
ആദ്യ മത്സരത്തില്‍ വിജയം പിടിച്ചടക്കിയ ഇന്ത്യക്ക് രണ്ടാം മത്സരത്തിലും ആ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാം.
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ബൗളിങ് മികവിലുമായിരുന്നു ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത്.
ഒരു ഘട്ടത്തില്‍ മിച്ചല്‍ ബ്രേസ്വെല്ലിന്റെ കരുത്തില്‍ ന്യൂസിലാന്‍ഡ് വിജയത്തിലേക്ക് പറന്നടുക്കുമെന്ന് തോന്നിച്ചെങ്കിലും അതിന് സമ്മതിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ കിവീസിനെ പിടിച്ചുകെട്ടുകയായിരുന്നു.
Content Highlight: Rohit Sharma trolls Yuzvendra Chahal