ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം നടത്തിയത്.
ഫെബ്രുവരി 9ന് ആരംഭിച്ച ടെസ്റ്റ് പരമ്പരയിലെ ആദ്യ ദിവസം തന്നെ മത്സരത്തിൽ മികച്ച മുൻതൂക്കം കരസ്ഥമാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചിരുന്നു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ ആദ്യ ഇന്നിങ്സ് 177 റൺസിന് ഒതുക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചു. അഞ്ച് വിക്കറ്റ് എടുത്ത രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് എടുത്ത രവിചന്ദ്ര അശ്വിനും ചേർന്നാണ് ഓസീസിനെ തകർത്തെറിഞ്ഞത്.
ആദ്യ ദിവസം തന്നെ ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്ന ഓസീസിന് ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെടുത്തിട്ടുണ്ട്.
ഏകദിന ശൈലിയിൽ 69 പന്തിൽ നിന്നും 56 റൺസെടുത്ത രോഹിത് ശർമയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ സ്വന്തമാക്കിയത്.
എന്നാലിപ്പോൾ രോഹിത് ആദ്യ ദിനം തന്നെ മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഓസീസ് താരമായ മാർക്ക് വേഗ്.
“രോഹിത് ശർമ മത്സരം ഓസ്ട്രേലിയയുടെ കയ്യിൽ നിന്നും തട്ടിയെടുത്തു. അദ്ദേഹം മികച്ച ഫോമിലും വ്യത്യസ്തമായ ട്രാക്കിലുമാണ് ആദ്യ മത്സരത്തിൽ തന്നെ ബാറ്റ് ചെയ്തത്,’ മാർക്ക് വേഗ് പറഞ്ഞു.
പരമ്പര സ്വന്തമാക്കാനായാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ സാധിക്കും.
നാഗ്പൂർ, ധരംശാല, ദൽഹി, അഹമ്മദാബാദ് എന്നീ വേദികളിൽ വെച്ചാണ് മത്സരം നടക്കുന്നത്.
മത്സരത്തിലുടനീളവും അഞ്ച് ദിവസവും കളി നീളുന്ന തരത്തിലുള്ള സജീവമായ പിച്ചായിരിക്കും ഇന്ത്യൻ ക്യൂറേറ്റർമാർ നിർമിക്കുന്ന എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഇന്ത്യൻ സ്പിൻ ബോളർമാർക്കെതിരെ കളിച്ചു ശീലിച്ചതിനാലാണ് സ്പിന്നിന് പ്രാധാന്യമുള്ള പിച്ച് ഒരുക്കേണ്ടെന്ന് ഇന്ത്യൻ ടീം അധികൃതർ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.