ആറ് ആറടിച്ചാല്‍ ഹിറ്റ്മാന് മുമ്പില്‍ ജയസൂര്യയും വീഴും; പുതിയ റെക്കോഡിനൊരുങ്ങി രോഹിത്
Sports News
ആറ് ആറടിച്ചാല്‍ ഹിറ്റ്മാന് മുമ്പില്‍ ജയസൂര്യയും വീഴും; പുതിയ റെക്കോഡിനൊരുങ്ങി രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st January 2023, 7:48 am

മോശം ഫോമിന്റെ പിടിയില്‍ നിന്നും പതിയെ പുറത്തുകടക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലും ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലും രോഹിത് പഴയ ഹിറ്റ്മാനാകുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തിലും രോഹിത് മോശമാക്കിയിരുന്നില്ല.

ആറ് ഫോറും രണ്ട് സിക്‌സറുമുള്‍പ്പെടെ 38 പന്തില്‍ നിന്നും 34 റണ്‍സാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് സ്വന്തമാക്കിയത്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച താരങ്ങളുടെ പട്ടികയില്‍ നിലവില്‍ നാലാമനാണ് രോഹിത് ശര്‍മ. വണ്‍ ഡേ ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ നിന്നുമായി 265 മാക്‌സിമങ്ങളാണ് രോഹിത്തിന്റെ പേരിലുള്ളത്.

 

 

മൂന്നാം സ്ഥാനത്തുള്ള ക്രിക്കറ്റ് ലെജന്‍ഡും ശ്രീലങ്ക കണ്ട എക്കാലത്തേയും മികച്ച ബാറ്ററുമായ സനത് ജയസൂര്യയെ മറികടക്കാന്‍ രോഹിത്തിന് ആറ് സിക്‌സറുകള്‍ കൂടി മതി. 270 സിക്‌സറുകളാണ് ജയസൂര്യയുടെ സമ്പാദ്യം.

എന്നാല്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തണമെങ്കില്‍ രോഹിത് ഇനിയും പാടുപെടേണ്ടി വരും. പാകിസ്ഥാന്‍ ലെജന്‍ഡ് ഷാഹിദ് അഫ്രിദി ഒന്നാമനായ പട്ടികയില്‍ വിന്‍ഡീസ് ഇതിഹാസം ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന ക്രിസ് ഗെയ്‌ലാണ് രണ്ടാമത്.

ഏകദിനത്തില്‍ 351 സിക്‌സറുകള്‍ പറത്തിയാണ് ബൂം ബൂം അഫ്രിദി ഒന്നാം സ്ഥാനക്കാരനായി തുടരുന്നത്. ആക്രമണോത്സുക ക്രിക്കറ്റിന്റെ പര്യായമായ ഗെയ്‌ലിനാകട്ടെ 331 സിക്‌സറുകളാണുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ഗെയ്‌ലിനെയും ഒന്നാമതുള്ള അഫ്രിദിയെയും മറികടക്കാന്‍ രോഹിത്തിന് യഥാക്രമം 67ഉം 87ഉം സിക്‌സറുകള്‍ കൂടി സ്വന്തമാക്കണം.

 

അതേസമയം, ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിനാണ് കളമൊരുങ്ങുന്നത്. റായ്പൂരിലെ വീര്‍ ഷഹീദ് നാരായണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

പരമ്പരയിലെ ആവേശകരമായ ആദ്യ മത്സരത്തില്‍ വിജയം പിടിച്ചടക്കിയ ഇന്ത്യക്ക് രണ്ടാം മത്സരത്തിലും ആ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ആദ്യ മത്സരത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ബൗളിങ് മികവിലുമായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്.

ഒരു ഘട്ടത്തില്‍ മിച്ചല്‍ ബ്രേസ്വെല്ലിന്റെ ചിറകിലേറി ന്യൂസിലാന്‍ഡ് വിജയത്തിലേക്ക് പറന്നടുക്കുമെന്ന് തോന്നിച്ചെങ്കിലും അതിന് സമ്മതിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ കിവീസിനെ പിടിച്ചുകെട്ടുകയായിരുന്നു.

 

Content Highlight: Rohit Sharma to surpass Sanath Jayasuriya