ധോണിയും വീഴും ദാദയും വീഴും, ഏഷ്യയുടെ രാജാവാകാന്‍ രോഹിത് ചെയ്യേണ്ടത് ഇത്രമാത്രം
Asia Cup
ധോണിയും വീഴും ദാദയും വീഴും, ഏഷ്യയുടെ രാജാവാകാന്‍ രോഹിത് ചെയ്യേണ്ടത് ഇത്രമാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th August 2023, 6:59 pm

 

ഏഷ്യാ കപ്പിന്റെ ആവേശത്തിമിര്‍പ്പിലാണ് ആരാധകരൊന്നാകെ. വേള്‍ഡ് കപ്പിനുള്ള കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയില്‍ ഈ ടൂര്‍ണമെന്റിന് കല്‍പിക്കുന്ന പ്രാധാന്യവും ഏറെയാണ്. 2018ന് ശേഷം ഏഷ്യ കീഴടക്കാന്‍ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ രോഹിത്തിന് കീഴിലാണ് ഇന്ത്യയിറങ്ങുന്നത്.

ഏഷ്യാ കപ്പിന്റെ ഈ സീസണിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്ത് ഒരു തകര്‍പ്പന്‍ റെക്കോഡ് അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്റെ റോളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡാണ് ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി ലീഡ് ചെയ്യുന്ന പട്ടികയില്‍ രണ്ടാമതുള്ളത് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ സൗരവ് ഗാംഗുലിയാണ്. ഇവര്‍ക്ക് ശേഷമാണ് രോഹിത് സ്ഥാനം പിടിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ഏഷ്യാ കപ്പോടെ താരം ഇരുവരെയും മറികടക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

579 റണ്‍സോടെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി പട്ടികയില്‍ ഒന്നാമതുള്ളത്. ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്റെ റോളില്‍ ഇന്ത്യയെ നയിച്ച 14 മത്സരത്തില്‍ നിന്നുമാണ് ഈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 82.71 എന്ന മികച്ച ശരാശരിയിലാണ് ധോണി ഏഷ്യാ കപ്പില്‍ റണ്‍സടിച്ചുകൂട്ടിയത്. മൂന്ന് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

400 റണ്‍സുമായാണ് ഗാംഗുലി പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമടക്കം 50 ശരാശരിയിലാണ് ബംഗാള്‍ ടൈഗര്‍ ഏഷ്യാ കപ്പില്‍ റണ്‍സടിച്ചുകൂട്ടിയത്.

ഇന്ത്യയെ ഏഷ്യാ കപ്പ് 2018 കിരീടം ചൂടിച്ച രോഹിത് ശര്‍മ അഞ്ച് മത്സരത്തില്‍ നിന്നും 317 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അടക്കം 105.66 എന്ന ഗംഭീര ശരാശരിയിലാണ് രോഹിത്തിന്റെ റണ്‍വേട്ട.

 

ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ ഡോമിനേറ്റ് ചെയ്യുന്ന പട്ടികയില്‍ നാലാം സ്ഥാനത്ത് മുന്‍ പാക് നായകന്‍ മിസ്ബ ഉള്‍ ഹഖാണ് ഇടം പിടിച്ചിരിക്കുന്നത്. 310 റണ്‍സാണ് ക്യാപ്റ്റന്റെ റോളില്‍ ഏഷ്യ കപ്പില്‍ മിസ്ബ നേടിയത്.

ഈ സീസണില്‍ 84 റണ്‍സ് നേടിയാല്‍ സൗരവ് ഗാംഗുലിയെയും 263 റണ്‍സ് നേടിയാല്‍ ധോണിയെയും മറികടക്കാന്‍ രോഹിത് ശര്‍മക്കാവും. താരം ആ നേട്ടത്തില്‍ മുത്തമിടുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇതിന് പുറമെ മറ്റൊരു നാഴികക്കല്ല് കൂടി രോഹിത് ശര്‍മയെ കാത്തിരിക്കുന്നുണ്ട്. ഏകദിനത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ നായകന്‍. 163 റണ്‍സ് കൂടിയാണ് ഈ നേട്ടത്തിലെത്താന്‍ രോഹിത്തിന് വേണ്ടത്.

 

നിലവില്‍ 244 മത്സരത്തിലെ 237 ഇന്നിങ്‌സില്‍ നിന്നും 9,837 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. 48.69 എന്ന ശരാശരിയിലും 89.97 എന്ന പ്രഹരശേഷിയിലുമാണ് രോഹിത് റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്. 30 സെഞ്ച്വറിയും 48 അര്‍ധ സെഞ്ച്വറിയുമാണ് നിലവില്‍ രോഹിത്തിന്റെ പേരിലുള്ളത്.

 

Content Highlight: Rohit Sharma to own the record of the captain who scores the most runs in the Asia Cup