അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. 2013ന് ശേഷം ഒരു ഐ.സി.സി കിരീടം പോലും നേടാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചില്ലായിരുന്നു. ഇത്തവണ ആ ചീത്തപ്പേര് മാറ്റാനാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ടീമിന്റെ സമീപ കാല പ്രകടനം സന്തോഷം നല്‍കുന്നതല്ല.
ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ പുറത്താകാനായിരുന്നു ഇന്ത്യയുടെ വിധി.
അതിനാല്‍ തന്നെ ട്വന്റി-20 ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ടീം ഇന്ത്യ ലക്ഷ്യംവെക്കുന്നില്ല.
അതിനിടയില്‍ ഒരു വലിയ റെക്കോര്‍ഡാണ് ഈ ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടി കൂടുതല്‍ ഐ.സി.സി ടൂര്‍ണമെന്റ് കളിച്ചവരില്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറെയാണ് രോഹിത് ഈ ടൂര്‍ണമെന്റില്‍ മറികടക്കാന്‍ പോകുന്നത്.
ഇന്ത്യക്കായി പതിനൊന്ന് വീതം ഐ.സി.സി ഇവന്റുകളിലാണ് സച്ചിനും രോഹിത്തും ബാറ്റേന്തിയത്. ഈ ലോകകപ്പോടുകൂടെ സച്ചിനെ മറികടക്കാന്‍ രോഹിത്തിനാകും. 10 ഐ.സി.സി ഇവന്റുകള്‍ കളിച്ച മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇത് പതിനൊന്നാമത്തെ ടൂര്‍ണമെന്റാണ്.
14 ടൂര്‍ണമെന്റുകള്‍ വീതം ഇന്ത്യക്കായി കളിച്ച മുന്‍ നായകന്‍ എം.എസ്. ധോണിയും സൂപ്പര്‍ താരം യുവരാജ് സിങ്ങുമാണ് ഈ കണക്കില്‍ ഏറ്റവും മുന്നിലുള്ളത്. 10 വീതം ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കായി ജേഴ്‌സിയണിഞ്ഞ സുരേഷ് റൈനയും ഹര്‍ഭജന്‍ സിങ്ങുമാണ് കണക്കില്‍ കോഹ്‌ലിക്കും വിരാടിനും തൊട്ടുപിന്നിലുള്ളത്.
അതേസമയം, ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറക്ക് പരിക്ക് കാരണം ലോകകപ്പിന് കളിക്കാന്‍ ഇറങ്ങാന്‍ സാധിക്കാതെ പുറത്തായത് ടീമിന് തിരിച്ചടിയായിരിക്കുകയാണ്. പുറം വേദനയെ തുടര്‍ന്നാണ് താരത്തിന് മാറി നില്‍ക്കേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ മത്സരത്തിന് മുന്നോടിയായി പ്രാക്ടീസ് ചെയ്യവെയായിരുന്നു ബുംറക്ക് കഠിനമായ പുറം വേദന അനുഭവപ്പെട്ടത്.
എന്നാല്‍ ബുംറക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഒക്ടോബര്‍ അവസാനം നടക്കുന്ന ലോകകപ്പ് താരത്തിന് ഇതോടെ നഷ്ടമാവും.
CONTENT HIGHLIGHTS: rohit sharma to overtake sachin tendulkar’s record that will be broken by the Twenty20 World Cup