| Tuesday, 5th September 2023, 1:12 pm

ഹുക്കും, രോഹിത് കാ ഹുക്കും; സിംഹാസനത്തില്‍ നിന്നും ഗെയ്‌ലിനെ പടിയിറക്കാനൊരുങ്ങി ഇന്ത്യന്‍ നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വിജയിച്ച് ഇന്ത്യ സൂപ്പര്‍ ഫോറിന് യോഗ്യത നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാന്‍ഡിയിലെ പല്ലേക്കലെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വരുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കുകയും ഒറ്റ വിക്കറ്റും നഷ്ടപ്പെടാതെ ഇന്ത്യ വിജയം സ്വന്തമാക്കുകയുമായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് മികച്ച തുടക്കാമണ് ലഭിച്ചത്. ഓപ്പണര്‍മാരായ ആസിഫ് ഷെയ്ഖും കുശാല്‍ ഭര്‍ട്ടലും ചേര്‍ന്ന് 65 റണ്‍സാണ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 25 പന്തില്‍ 38 റണ്‍സ് നേടിയ ഭര്‍ട്ടലിനെ പുറത്താക്കി ഷര്‍ദുല്‍ താക്കൂറാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു.

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുമ്പില്‍ ചെറുത്തുനിന്ന നേപ്പാള്‍ ബാറ്റര്‍മാര്‍ മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തി. ആസിഫ് ഷെയ്ഖ് (97 പന്തില്‍ 58), സോംപല്‍ കാമി (56 പന്തില്‍ 48), ദീപേന്ദ്ര സിങ് ഐറി (25 പന്തില്‍ 29) ഗുല്‍സന്‍ ഝാ (35 പന്തില്‍ 23) എന്നിവരാണ് നേപ്പാള്‍ നിരയില്‍ മികച്ചുനിന്നത്.

ഒടുവില്‍ 230 റണ്‍സിന് നേപ്പാള്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ മഴ വീണ്ടും വില്ലനായി എത്തിയതോടെ വിജയലക്ഷ്യം 23 ഓവറില്‍ 144 ആയി പുനര്‍നിശ്ചയിക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തകര്‍ത്തടിച്ചതോടെ ഇന്ത്യ വിക്കറ്റൊന്നും നഷ്ട്പപെടാതെ വിജയലക്ഷ്യം മറികടന്നു.

രോഹിത് ശര്‍മ 59 പന്തില്‍ 74 റണ്‍സടിച്ചപ്പോള്‍ 62 പന്തില്‍ 67 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.

ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു രോഹിത് ശര്‍മയുടെ ഇന്നിങ്‌സ്. ഇതിന് പിന്നാലെ ഒരു ഐതിഹസിക നേട്ടത്തിലേക്ക് ഒരു ചുവടുകൂടി വെക്കാനും രോഹിത് ശര്‍മക്കായി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരം എന്ന റെക്കോഡിലേക്കാണ് രോഹിത് നടന്നടുക്കുന്നത്. നിലവില്‍ 539 സിക്‌സറുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. 15 സിക്‌സര്‍ കൂടി നേടിയാല്‍ ഒന്നാമതുള്ള ക്രിസ് ഗെയ്‌ലിനെ മറികടക്കാന്‍ രോഹിത്തിനാകും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – രാജ്യം – നേടിയ സിക്‌സര്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 553

രോഹിത് ശര്‍മ* – ഇന്ത്യ – 539

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – 476

ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 398

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 383

എം.എസ്. ധോണി – ഇന്ത്യ – 359

Content Highlight: Rohit Sharma to become the player to hit the most number of sixes

We use cookies to give you the best possible experience. Learn more