ഇന്ത്യക്കായി പല സമ്മർദഘട്ടങ്ങളിലും അദ്ദേഹം മികച്ച ഇന്നിങ്‌സുകൾ കളിച്ചു: രോഹിത് ശർമ
Cricket
ഇന്ത്യക്കായി പല സമ്മർദഘട്ടങ്ങളിലും അദ്ദേഹം മികച്ച ഇന്നിങ്‌സുകൾ കളിച്ചു: രോഹിത് ശർമ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th September 2024, 2:01 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. രാഹുല്‍ ദ്രാവിഡിന്റെയും ഗംഭീറിന്റെയും പരിശീലനരീതികളിലുള്ള വ്യത്യസ്തകളെ കുറിച്ചാണ് രോഹിത് സംസാരിച്ചത്.

‘ഞങ്ങള്‍ കോച്ചിങ്ങില്‍ വലിയ മാറ്റങ്ങള്‍ കണ്ടു. നേരത്തേ രാഹുല്‍ ഭായ് ആയിരുന്നു ഇന്ത്യയുടെ പരിശീലകനായി ഉണ്ടായിരുന്നത്. ഇപ്പോള്‍ ഗംഭീറാണ് ഞങ്ങളുടെ പരിശീലകന്‍. അദ്ദേഹം ഒരു ശാഠ്യമുള്ള കളിക്കാരനായിരുന്നു. പല റിസ്‌ക് നിറഞ്ഞ മത്സരങ്ങളിലും അദ്ദേഹം മികച്ച ഇന്നിങ്‌സുകള്‍ കളിച്ചു,’ രോഹിതിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് വിജയത്തിന് ശേഷമാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തും നിന്നും പടിയിറങ്ങിയത്. ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീര്‍ ഇന്ത്യയുടെ പരിശീലകകുപ്പായമണിഞ്ഞത്.

പരിശീലകനെന്ന നിലയില്‍ ശ്രീലങ്കക്കെതിരെയുള്ള ടി-20 പരമ്പരയായിരുന്നു ഇന്ത്യ ആദ്യമായി കളിച്ചത്. ഈ പരമ്പര പുതിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

എന്നാല്‍ ഏകദിന മത്സരങ്ങളുടെ പരമ്പര ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 1997 നു ശേഷം ഇത് ആദ്യമായാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഒരു പരമ്പര സ്വന്തമാക്കുന്നത്.

നിലവില്‍ ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യന്‍ ടീം ഉള്ളത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 250 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയിരുന്നത്.

ബംഗ്ലാദേശിനെതിരെയുള്ള പരമ്പര അവസാനിച്ചാല്‍ ഇന്ത്യക്ക് ന്യൂസിലാന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയുമാണ് പരമ്പരയുള്ളത്. ഇതില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ വെച്ച് കളിക്കുക.

ഓസ്ട്രേലിയന്‍ നിന്നും തുടര്‍ച്ചയായ മൂന്നാം പരമ്പര സ്വന്തം മണ്ണില്‍ എത്തിക്കാനായിരിക്കും ഇന്ത്യ ഓസ്ട്രേലിയയിലേക്ക് നവംബറില്‍ വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ കൈകളിലാണ്. ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്.

 

Content Highlight: Rohit Sharma Tlaks About Gautham Gambhir