| Thursday, 6th October 2022, 12:09 pm

രോഹിത്, മാക്‌സ്‌വെല്‍, ബാവുമ... പൂജ്യങ്ങള്‍ എന്നുമിവരുടെ വീക്ക്‌നെസ്സായിരുന്നു; മൂന്ന് മത്സരത്തിലെ രണ്ട് ഡക്കുകള്‍; സൂപ്പര്‍ താരങ്ങളുടെ 'സൂപ്പര്‍' ഇന്നിങ്‌സുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന് കളമൊരുങ്ങുകയാണ്. എല്ലാ ടീമുകളും ലോകകപ്പിന് മുമ്പുള്ള തങ്ങളുടെ അവസാന ടി-20 പരമ്പരകളും കളിച്ച് ഗ്ലോബല്‍ ഇവന്റിനായി ഒരുങ്ങിയിരിക്കുകയാണ്.

പല ടീമുകളെയും ലോകകപ്പിന് പൂര്‍ണമായും സജ്ജരാക്കാന്‍ ഈ മത്സരങ്ങള്‍ സഹായിച്ചപ്പോള്‍ ചില ടീമുകള്‍ക്ക് അവരുടെ പോരായ്മകളും പാളിച്ചകളും തിരിച്ചറിയാനാണ് ഈ പരമ്പര ഉപകരിച്ചത്.

ഇന്ത്യന്‍ ടീമിന്റെ ബൗളിങ് നിരയുടെ പരാജയവും ബാറ്റിങ് നിരയുടെ കരുത്തുമെല്ലാം ഒരിക്കല്‍ക്കൂടി വ്യക്തമായതായിരുന്നു ഇക്കഴിഞ്ഞ ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പര.

പരമ്പരയില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്ങിലെ ചില പോരായ്മകള്‍ മത്സരത്തില്‍ വ്യക്തമായിരുന്നു. ആദ്യ മത്സരത്തിലും മൂന്നാം ടി-20യിലുമാണ് താരം ഡക്കായി പുറത്തായിരുന്നു.

പരമ്പരയില്‍ രണ്ട് തവണ പൂജ്യത്തിന് പുറത്തായതോടെ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ ഡക്കായ ഇന്ത്യന്‍ താരം എന്ന തന്റെ തന്നെ മോശം റെക്കോഡ് ഒന്നുകൂടി ഉറപ്പിക്കാനും രോഹിത്തിനായി. പത്ത് തവണയാണ് രോഹിത് ടി-20യില്‍ പൂജ്യത്തിന് പുറത്തായത്.

രോഹിത്തിനെ കൂടാതെ പ്രോട്ടീസ് ടീമിന്റെ നായകന്‍ തെംബ ബാവുമയും മൂന്ന് മത്സരത്തില്‍ രണ്ടിലും പൂജ്യത്തിന് പുറത്തായിരുന്നു. പരമ്പരയില്‍ ക്യാപ്റ്റന്‍മാരുടെ മോശം ബാറ്റിങ് പ്രകടനം ഇരു ടീമിലുമുണ്ടാക്കിയ ഇംപാക്ട് ചെറുതല്ലായിരുന്നു.

സമാനമായി മറ്റൊരു സൂപ്പര്‍ താരവും ഇപ്പോള്‍ കഴിഞ്ഞ മറ്റൊരു ടി-20 പരമ്പരയിലും രണ്ട് തവണ പൂജ്യത്തിന് പുറത്തായിരുന്നു. ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു ഇത്തരത്തില്‍ പുറത്തായ സൂപ്പര്‍ താരം.

രോഹിത്തിനെയും ബാവുമയെയും പോലെ ഓസീസ് ടീമിന്റെ ക്യാപ്റ്റനല്ല മാക്‌സ്‌വെല്‍ എന്നതാണ് ഇവര്‍ തമ്മിലെ പ്രധാന വ്യത്യാസം.

കഴിഞ്ഞ മൂന്ന് ടി-20 മത്സരത്തിലെയും സ്റ്റാറ്റ്‌സ് പരിശോധിച്ചാല്‍ ബാറ്റിങ്ങില്‍ ഇവര്‍ എത്രത്തോളം നിരാശപ്പെടുത്തി എന്ന കാര്യം വ്യക്തമാകും.

രോഹിത് ശര്‍മ – 0, 43, 0

തെംബ ബാവുമ – 3, 0 , 0

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 0, 6, 0

എന്നിങ്ങനെയാണ് സൂപ്പര്‍ താരങ്ങളുടെ കഴിഞ്ഞ മൂന്ന് മത്സരത്തിലെയും ബാറ്റിങ് പ്രകടനങ്ങള്‍.

കേവലം ഈ മൂന്ന് മത്സരങ്ങള്‍ മാത്രം വിലയിരുത്തി ഇവര്‍ മോശം ബാറ്ററാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ടി-20 ലോകകപ്പിന് മുമ്പ് കളിച്ച മൂന്ന് ടി-20 മത്സരങ്ങളിലെ പ്രകടനം എന്ന നിലയില്‍ മാത്രമേ ഈ കണക്കുകളെ സമീപിക്കാന്‍ സാധിക്കുകയുള്ളൂ.

Content Highlight: Rohit Sharma, Themba Bavuma and Glenn Maxwell’s Poor Performance Ahead of World Cup

We use cookies to give you the best possible experience. Learn more