ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചുകയറിയിരുന്നു. വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 106 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഈ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാക്കാനും ഇന്ത്യക്ക് സാധിച്ചു.
ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യക്ക് നിര്‍ണായകമായത്. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുമ്പോഴും ബെന്‍ സ്‌റ്റോക്‌സ് ബാക്കിയുണ്ട് എന്നത് ആരാധകരില്‍ ആശങ്ക ഉണര്‍ത്തിയിരുന്നു.
അയ്യരിന്റെ ഡയറക്ട് ഹിറ്റ് റണ്‍ ഔട്ടില്‍ പുറത്താകുമ്പോള്‍ സിംഗിളിന്റെ ആദ്യ ഘട്ടത്തില്‍ അശ്രദ്ധമായി ഓടിയ സ്‌റ്റോക്‌സിന് സ്വയം പഴിക്കാന്‍ മാത്രമായിരുന്നു സാധിച്ചത്.
മത്സരത്തിന്റെ വിധി തന്നെ മാറ്റി മറിച്ച വിക്കറ്റ് സെലിബ്രേഷനില്‍ ശ്രേയസ് അയ്യരിന്റെ ആക്ഷനിലാണ് ആരാധകരുടെ കണ്ണുടക്കിയത്. ചൂണ്ടുവിരല്‍ ഉയര്‍ത്തി ആക്രോശിച്ചാണ് അയ്യര്‍ വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്.
ഇങ്ങോട്ട് കിട്ടിയത് ഇരട്ടിയായി തിരിച്ചുകൊടുക്കുകയാണ് അയ്യര്‍ ചെയ്തത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ സ്റ്റോക്‌സാണ് അയ്യരിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്. ശേഷം ഇത്തരത്തിലാണ് ഇംഗ്ലണ്ട് നായകന്‍ സ്റ്റോക്‌സ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
ഈ പരമ്പരയുടെ തന്നെ മൊമെന്റായി മാറിയ ഈ പ്രതികാരത്തിന് യഥാര്‍ത്ഥ കാരണക്കാരന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. തേര്‍ഡ് അമ്പയര്‍ ഡിസിഷനിടെ ഇന്ത്യന്‍ മിഡ് ഓര്‍ഡര്‍ ബാറ്ററെ പുറത്താക്കിയപ്പോള്‍ സ്‌റ്റോക്‌സ് ഇത്തരത്തില്‍ സെലിബ്രേറ്റ് ചെയ്തിരുന്നു എന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് അയ്യരിന് ഓര്‍മ വന്നത്.
ബിഗ് സ്‌ക്രീനില്‍ ഔട്ട് എന്ന് തെളിഞ്ഞതിന് പിന്നാലെ അയ്യരും സമാനമായി രീതിയില്‍ ആഘോഷിക്കുകയും പ്രതികാരം പൂര്‍ത്തിയാക്കുകയുമായിരുന്നു.
അതേസമയം, മൂന്നാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും ഇംഗ്ലണ്ടും. ഫെബ്രുവരി 15നാണ് പരമ്പരയിലെ മൂന്നാം മത്സരം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.