| Thursday, 22nd August 2024, 9:32 am

ബുംറയും കോഹ്‌ലിയും ഹര്‍ദിക്കുമല്ല, ലോകകപ്പ് വിജയത്തിന് താങ്ങായത് ആ മൂന്ന് തൂണുകള്‍; തുറന്നുപറഞ്ഞ് രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരായി മാറിയാണ് ചരിത്രമെഴുതിയത്. 2007ല്‍ ധോണി ഉയര്‍ത്തിയ ലോകകിരീടം ഒന്നര പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ രോഹിത് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ മണ്ണിലെത്തിച്ചിരിക്കുകയാണ്.

കലാശപ്പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് രോഹിത്തും സംഘവും ആറാം ഐ.സി.സി കിരീടം ഇന്ത്യന്‍ മണ്ണിലെത്തിച്ചത്.

ഇതോടെ ഒന്നിലധികം തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന മൂന്നാമത് ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് (2012, 2016), ഇംഗ്ലണ്ട് (2010, 2022) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യയെ ലോകകപ്പ് ചൂടിച്ചതിന് പിന്നാലെ രോഹിത് ശര്‍മ ടി-20യില്‍ നിന്നുള്ള വിരമിക്കലും പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ ഈ ലോകകപ്പ് വിജയത്തിന് തന്നെ പിന്തുണച്ചവരെ കുറിച്ച് പറയുകയാണ് രോഹിത് ശര്‍മ. ഇതിനായി തനിക്ക് മൂന്ന് തൂണുകളുടെ സഹായം ലഭിച്ചുവെന്നും അതായിരുന്നു തനിക്ക് വേണ്ടിയിരുന്നതെന്നും രോഹിത് ശര്‍മ പറഞ്ഞു.

സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡിലായിരുന്നു രോഹിത് ശര്‍മ ഇക്കാര്യം പറഞ്ഞത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഏറ്റവുവാങ്ങി സംസാരിക്കുകയായിരുന്നു രോഹിത്.

‘ സ്റ്റാറ്റുകളെ കുറിച്ചോ മത്സര ഫലങ്ങളെ കുറിച്ചോ ചിന്തിക്കാതെ സ്വതന്ത്രമായി കളിക്കാനുള്ള അന്തരീക്ഷം ഞങ്ങള്‍ സൃഷ്ടിക്കുന്നു എന്ന കാര്യം ഉറപ്പാക്കണമായിരുന്നു. അത്തരത്തില്‍ ഈ ടീമിനെ മാറ്റിയെടുക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു.

ഇതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. മൂന്ന് തൂണുകള്‍ എന്നെ അകമഴിഞ്ഞ് സഹായിച്ചിരുന്നു. മിസ്റ്റര്‍ ജയ് ഷാ, മിസ്റ്റര്‍ രാഹുല്‍ ദ്രാവിഡ്, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവരായിരുന്നു ആ മൂന്ന് തൂണുകള്‍,’ രോഹിത് പറഞ്ഞു.

അവാര്‍ഡ് വേദിയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമല്ല, വിദേശ താരങ്ങളും പുരസ്‌കാര നേട്ടത്തില്‍ തിളങ്ങിയിരുന്നു. രോഹിത്തിന് പുറമെ കോഹ്‌ലിയും ജെയ്‌സ്വാളും സ്മൃതി മന്ഥാനയും ദീപ്തി ശര്‍മയും ന്യൂസിലാന്‍ഡിന്റെ ടിം സൗത്തിയുമെല്ലാം പുരസ്‌കാരം സ്വന്തമാക്കി.

സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ് 2023-24

ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ – രോഹിത് ശര്‍മ.

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് – രാഹുല്‍ ദ്രാവിഡ്.

ഒ.ഡി.ഐ ബാറ്റര്‍ ഓഫ് ദി ഇയര്‍ (പുരുഷ വിഭാഗം) – വിരാട് കോഹ്‌ലി.

ടെസ്റ്റ് ബാറ്റര്‍ ഓഫ് ദി ഇയര്‍ (പുരുഷ വിഭാഗം) – യശസ്വി ജെയ്‌സ്വാള്‍.

ടി-20 ബാറ്റര്‍ ഓഫ് ദി ഇയര്‍ (പുരുഷ വിഭാഗം) – ഫില്‍ സോള്‍ട്ട്.

ഒ.ഡി.ഐ ബൗളര്‍ ഓഫ് ദി ഇയര്‍ (പുരുഷ വിഭാഗം) – മുഹമ്മദ് ഷമി.

ടെസ്റ്റ് ബൗളര്‍ ഓഫ് ദി ഇയര്‍ (പുരുഷ വിഭാഗം) – ആര്‍. അശ്വിന്‍.

ടി-20 ബൗളര്‍ ഓഫ് ദി ഇയര്‍ (പുരുഷ വിഭാഗം)- ടിം സൗത്തി.

ഡൊമസ്റ്റിക് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ – രവിശ്രീനിവാസന്‍ സായ് കിഷോര്‍.

ഇന്ത്യന്‍ ബാറ്റര്‍ ഓഫ് ദി ഇയര്‍ (വനിതകള്‍) – സ്മൃതി മന്ഥാന.

ഇന്ത്യന്‍ ബൗളര്‍ ഓഫ് ദി ഇയര്‍ (വനിതകള്‍) – ദീപ്തി ശര്‍മ.

ഔട്ട്സ്റ്റാന്‍ഡിങ് ലീഡര്‍ഷിപ്പ് അവാര്‍ഡ് – ശ്രേയസ് അയ്യര്‍ (ഐ.പി.എല്‍ 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യന്‍മാരാക്കിയ പ്രകടനം)

ഇതിന് പുറമെ ഏറ്റവുമധികം ടി-20ഐ മത്സരത്തില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും ഏറ്റവും വേഗത്തില്‍ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഷെഫാലി വര്‍മക്കും പ്രത്യേക പുരസ്‌കാരങ്ങളും ലഭിച്ചു.

Content highlight: Rohit Sharma thanks to Rahul Dravid, Ajit Agarkar, Jay Shah, the 3 pillars for  T20 World Cup win

We use cookies to give you the best possible experience. Learn more