ഞങ്ങള്‍ക്ക് ഒരു 30 റണ്‍സ് കൂടി വേണമായിരുന്നു; ഫൈനല്‍ തോല്‍വിയില്‍ പ്രതികരിച്ച് രോഹിത്
2023 ICC WORLD CUP
ഞങ്ങള്‍ക്ക് ഒരു 30 റണ്‍സ് കൂടി വേണമായിരുന്നു; ഫൈനല്‍ തോല്‍വിയില്‍ പ്രതികരിച്ച് രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th November 2023, 11:49 am

ഐ.സി.സി ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ആറാം കിരീടം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ പത്ത് മത്സരങ്ങളും വിജയിച്ചുവന്ന ഇന്ത്യന്‍ ടീം ഫൈനലില്‍ കാലിടറുകയായിരുന്നു.

തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവെച്ചില്ലെന്നും ടീമിന് 20-30 റണ്‍സ് കൂടുതല്‍ ആവശ്യമായിരുന്നുവെന്നുമാണ് രോഹിത് പറഞ്ഞത്.

‘ഞങ്ങള്‍ വേണ്ടത്ര മികച്ച പ്രകടനം കാഴ്ച വെച്ചില്ല. മത്സരത്തില്‍ ഞങ്ങള്‍ എല്ലാ പരീക്ഷണങ്ങളും നടത്തി. എന്നാല്‍ അതൊന്നും വിജയിച്ചില്ല. ഞങ്ങള്‍ക്ക് ഒരു 20-30 റണ്‍സ് കൂടി വേണമായിരുന്നു. ഞങ്ങള്‍ 270-280 എന്ന ലക്ഷ്യത്തിലേക്കാണ് എത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. 240 റണ്‍സ് നേടിയപ്പോള്‍ ഞങ്ങള്‍ ആസ്‌ട്രേലിയയുടെ വിക്കറ്റുകള്‍ വീഴ്ത്താന്‍ ആഗ്രഹിച്ചു എന്നാല്‍ ഞങ്ങള്‍ക്ക് നാല് വിക്കറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങില്‍ ഹെഡും ലബുഷാനും മികച്ച പ്രകടനം നടത്തി,’ രോഹിത് മത്സരശേഷം പറഞ്ഞു.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഓപ്പണിങ്ങില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത് 31 പന്തില്‍ 47 റണ്‍സാണ് രോഹിത് നേടിയത്.

രോഹിതിന് പുറമെ വിരാട് കോഹ്ലി 63 പന്തില്‍ 54 റണ്‍സും കെ.എല്‍ രാഹുല്‍ 107 പന്തില്‍ 66 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. എന്നാല്‍ മറ്റു താരങ്ങളെല്ലാം പെട്ടെന്ന് തന്നെ പവലിയനിലേക്ക് മടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്.

ഓസീസ് ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ 240ന് പുറത്താവുകയായിരുന്നു.

മറുപടി ഓസ്‌ട്രേലിയ 43 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓസീസ് ബാറ്റിങ് നിരയില്‍ ട്രാവിസ് ഹെഡ് 120 പന്തില്‍ നിന്നും 137 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഹെഡിനൊപ്പം ലബുഷാനെ 58 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഓസ്‌ട്രേലിയ തങ്ങളുടെ ആറാം ലോകകിരീടം സ്വന്തമാക്കുകയായിരുന്നു.

നവംബര്‍ 23മുതല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വീണ്ടും മത്സരമുണ്ട്. ഇരുടീമുകളും അഞ്ച് ടി-20 മത്സരമാണ് കളിക്കുക.

Content Highlight: Rohit Sharma talks after the loss against Australia in world cup final.