പാകിസ്ഥാനെതിരെയുള്ള കളിയില്‍ ഞങ്ങള്‍ അവനെ മാത്രം ആശ്രയിച്ച് കളിക്കില്ല: രോഹിത് ശര്‍മ
Cricket
പാകിസ്ഥാനെതിരെയുള്ള കളിയില്‍ ഞങ്ങള്‍ അവനെ മാത്രം ആശ്രയിച്ച് കളിക്കില്ല: രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 9th June 2024, 10:56 am

ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനുമാണ് ഏറ്റുമുട്ടുന്നത്. മേജര്‍ ടൂര്‍ണമെന്റുകളില്‍ ഇരു ടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ എല്ലായ്പ്പോഴും ആവേശകരമായ പോരാട്ടങ്ങള്‍ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുള്ളത്.

ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലാന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ യു.എസ്.എയോട് ഞെട്ടിക്കുന്ന തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്.

അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ അഞ്ച് റണ്‍സിനായിരുന്നു അമേരിക്ക ബാബര്‍ അസമിനെയും കൂട്ടരെയും വീഴ്ത്തിയത്. അതുകൊണ്ടുതന്നെ ലോകകപ്പിലെ ആദ്യ ജയമാവും ബാബറും കൂട്ടരും ഇന്ത്യക്കെതിരെ ലക്ഷ്യമിടുക.

ഇപ്പോള്‍ ഈ മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

‘മത്സരങ്ങളില്‍ ഞങ്ങളെ വിജയിപ്പിക്കാന്‍ ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചു നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ വിരാട് കോഹ്‌ലി കളിച്ചിരുന്നില്ല ആദ്യമത്സരത്തില്‍ വെറും ഒരു റണ്‍സ് മാത്രമാണ് വിരാട് നേടിയത്. എന്നാല്‍ അദ്ദേഹത്തിന്റെ അനുഭവ പരിചയസമ്പത്ത് അളവ് എത്രത്തോളം ഉണ്ടെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം,’ രോഹിത് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ടി-20യില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് വിരാട് നടത്തിയിട്ടുള്ളത് 10 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 488 റണ്‍സാണ് വിരാട് നേടിയിട്ടുള്ളത്. 81.33 ആവറേജിലും 123.85 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

ടി-20 ലോകകപ്പിലേക്ക് വരുകയാണെങ്കില്‍ പാകിസ്ഥാനെതിരെ അഞ്ച് ടി-20 മത്സരങ്ങളില്‍ നിന്നും 38 റണ്‍സ് ആണ് വിരാട് അടിച്ചെടുത്തിട്ടുള്ളത്. കോഹ്‌ലിയുടെ ഈ മിന്നും പ്രകടനം പാക്കിസ്ഥാനെതിരെ ഉണ്ടാവുമെന്നു തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Rohit Sharma talks about Virat Kohli