ഇന്ത്യ-ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 32 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 240 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മികച്ച പ്രകടനം നടത്തിയത്. 44 പന്തില്‍ 65 റണ്‍സ് നേടിയിരുന്നു രോഹിത്തിന്റെ മിന്നും പ്രകടനം. അഞ്ച് ഫോറുകളും നാല് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അക്‌സര്‍ പട്ടേല്‍ 44 പന്തില്‍ 44 റണ്‍സും ശുഭ്മന്‍ ഗില്‍ 44 പന്തില്‍ 35 റണ്‍സും നേടി നിര്‍ണായകമായി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
തോല്‍വിക്ക് പിന്നാലെ രോഹിത് തന്റെ ബാറ്റിങ് പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചു. വ്യക്തിഗത സ്‌കോറുകള്‍ നോക്കുന്നില്ലെന്നും ഇതേപോലെ ബാറ്റ് ചെയ്യാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നുമാണ് രോഹിത് പറഞ്ഞത്.
‘മത്സരത്തില്‍ എന്റെ ലക്ഷ്യത്തില്‍ വിട്ടുവീഴ്ച വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അമ്പതോ നൂറോ നേടുക എന്നുള്ളത് എനിക്ക് പ്രശ്‌നമല്ല. ടീമിനുവേണ്ടി ഇതുപോലെ ബാറ്റ് ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്,’ രോഹിത് മത്സരശേഷം പറഞ്ഞു.
മത്സരം പരാജയപ്പെട്ടതിന്റെ നിരാശയും ഇന്ത്യന്‍ ക്യാപ്റ്റന്‍ പങ്കുവെച്ചു.
‘മത്സരം പരാജയപ്പെട്ടത് വളരെയധികം വേദനിപ്പിക്കുന്നു. മത്സരത്തില്‍ സ്ഥിരതയോടെ കളിക്കണം. ഇന്ന് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ഇതില്‍ ചെറിയ നിരാശയുണ്ട്. പക്ഷെ ഇതൊക്കെ ക്രിക്കറ്റില്‍ സംഭവിക്കുന്നതാണ്. കളിയുടെ റിസല്‍റ്റ് എന്താണെന്ന് മനസിലാക്കി പൊരുത്തപ്പെടണം. ജെഫ്രിക്കാണ് എല്ലാ ക്രെഡിറ്റും. അദ്ദേഹം ആറ് വിക്കറ്റുകള്‍ നേടി,’ രോഹിത് കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കക്കായി ജെഫ്രി വാന്‍ഡര്‍സെ ആറ് വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. 10 ഓവറില്‍ വെറും 33 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് താരം ആറ് വിക്കറ്റ് നേടിയത്. ക്യാപ്റ്റന്‍ ചരിത് അസലങ്ക മൂന്ന് വിക്കറ്റും നേടിയതോടെ ഇന്ത്യ പൂര്‍ണമായും തകരുകയായിരുന്നു.
ലങ്കന്‍ നിരയില്‍ കാമിന്ദു മെന്‍ഡീസ് 44 പന്തില്‍ 40 റണ്‍സും അവിഷ്‌ക ഫെര്‍ണാണ്ടോ 62 പന്തില്‍ 40 റണ്‍സും നേടി നിര്‍ണായകമായ ഇന്നിങ്‌സ് കളിച്ചു.
ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ശ്രീലങ്ക. പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. പരമ്പരയിലെ അവസാന മത്സരം ഓഗസ്റ്റ് ഏഴിനാണ് നടക്കുന്നത്. ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് വേദി.
Content Highlight: Rohit Sharma Talks About The Loss of Indian Team