| Thursday, 18th April 2024, 1:21 pm

ധോണി വിരമിക്കല്‍ പിന്‍വലിച്ച് ടി-20 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുമോ? പ്രതികരണവുമായി രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ ആരൊക്കെ ഇടംനേടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇപ്പോഴിതാ വരാനിരിക്കുന്ന ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങളായ ദിനേശ് കാര്‍ത്തിക്കിനെക്കുറിച്ചും എം.എസ് ധോണിയെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കാനായി ദിനേശ് കാര്‍ത്തിക്കിനെ ബോധ്യപ്പെടുത്താന്‍ തനിക്ക് സാധിക്കുമെന്നും എന്നാല്‍ ധോണിയെ ഇത്തരത്തില്‍ പറഞ്ഞു ബോധ്യപ്പെടുത്തുക ബുദ്ധിമുട്ടാണെന്നുമാണ് രോഹിത് പറഞ്ഞത്. ക്ലബ്ബ് പ്രരി കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

‘ദിനേശ് കാര്‍ത്തിക്കിന്റെ മികച്ച പ്രകടനങ്ങളില്‍ എനിക്ക് നല്ല മതിപ്പുണ്ട്. അദ്ദേഹം നല്ല രീതിയില്‍ ബാറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ വിരമിച്ചതിന് ശേഷം അത് പിന്‍വലിച്ചുകൊണ്ട് യു.എസ്.എയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ധോണിയെ ബോധ്യപ്പെടുത്തുക എന്നുള്ളത് പ്രയാസമുള്ള ഒരു കാര്യമാണ്. അദ്ദേഹം ഇപ്പോള്‍ മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാനായിരിക്കും അമേരിക്കയിലേക്ക് വരുന്നത്. ചിലപ്പോള്‍ ഗോള്‍ഫ് കളിയ്ക്കാന്‍ വരുമായിരിക്കും. ഡി.കെയെ എളുപ്പത്തില്‍ ബോധ്യപ്പെടുത്താനാവും; രോഹിത് പറഞ്ഞു.

ദിനേശ് കാര്‍ത്തിക്കും എം.എസ് ധോണിയും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് ഈ സീസണില്‍ നടത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നാല് പന്തില്‍ മൂന്ന് സിക്സറുകള്‍ അടക്കം 20 റണ്‍സാണ് ധോണി നേടിയത്. മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ തുടര്‍ച്ചയായ മൂന്ന് പന്തുകളും സിക്‌സര്‍ പറത്തിയാണ് ധോണി കരുത്തുകാട്ടിയത്.

അതേസമയം ദിനേശ് കാര്‍ത്തിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും മിന്നും പ്രകടനം നടത്തിയിരുന്നു. ഹൈദരാബാദ് ഉയര്‍ത്തിയ 287 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി അവസാനം വരെ പൊരുതിയാണ് കാര്‍ത്തിക് ശ്രദ്ധ നേടിയത്. 35 പന്തില്‍ പുറത്താവാതെ 83 റണ്‍സായിരുന്നു കാര്‍ത്തിക് നേടിയത്. അഞ്ചു ഫോറുകളും ഏഴു സിക്സും ആണ് താരം അടിച്ചെടുത്തത്.

Content Highlight:  Rohit Sharma talks about MS Dhoni

We use cookies to give you the best possible experience. Learn more