വലിയ ടൂർണമെന്റുകൾ വന്നാൽ ടി-20യിൽ കളിക്കും: വിരമിക്കൽ പിൻവലിക്കുന്നതിനെക്കുറിച്ച് രോഹിത്
Cricket
വലിയ ടൂർണമെന്റുകൾ വന്നാൽ ടി-20യിൽ കളിക്കും: വിരമിക്കൽ പിൻവലിക്കുന്നതിനെക്കുറിച്ച് രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd August 2024, 8:03 am

നീണ്ട 17 വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ഇന്ത്യ ടി-20 ലോകകപ്പ് നേടിയിരുന്നു. ലോകകപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയായിരുന്നു രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യ വീണ്ടും കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായി മാറിയത്. ലോകകപ്പ് വിജയത്തിന് ശേഷം രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നീ താരങ്ങൾ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ ടി-20 വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് രോഹിത്. ടി-20യില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുന്നില്ലെന്നും വലിയ ടൂര്‍ണമെന്റുകള്‍ വരാനിരിക്കുന്നതിനാല്‍ ടി-20കള്‍ കളിക്കുമെന്നുമാണ് രോഹിത് പറഞ്ഞത്. ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു മുമ്പുള്ള പത്രസമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.

‘പണ്ടത്തെപ്പോലെ ടി-20യില്‍ നിന്ന് എനിക്ക് വിശ്രമം ലഭിച്ചതായി തോന്നുന്നു. എന്നാല്‍ വലിയ ടൂര്‍ണമെന്റുകള്‍ വരാനിരിക്കുന്നതിനാല്‍ വീണ്ടും ടി-20ക്ക് തയ്യാറെടുക്കണം. എനിക്ക് ഇപ്പോഴും അങ്ങനെ തന്നെയാണ് തോന്നുന്നത്. അതുകൊണ്ടുതന്നെ ഞാന്‍ ടി-20 ഫോര്‍മാറ്റില്‍ നിന്നും പൂര്‍ണമായും പുറത്താണെന്ന് കരുതുന്നില്ല,’ രോഹിത് ശര്‍മ പറഞ്ഞു.

ഇന്ത്യക്കായി ടി-20യില്‍ 2007ല്‍ അരങ്ങേറ്റം കുറിച്ച രോഹിത് ഒരു അവിസ്മരണീയമായ കരിയര്‍ ആണ് കെട്ടിപ്പടുത്തുയര്‍ത്തിയത്. 159 മത്സരങ്ങളില്‍ 151 ഇന്നിങ്‌സില്‍ നിന്നും 4231 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. അഞ്ച് സെഞ്ച്വറികളും 32 അര്‍ധസെഞ്ച്വറികളുമാണ് രോഹിത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്.

ടി-20യില്‍ രോഹിത്തിന് പകരം സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യന്‍ ടീം പുതിയ ക്യാപ്റ്റനായി നിയമിച്ചത്. സൂര്യയുടെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയാണ്. പരമ്പരയിലെ ആദ്യത്തെ മത്സരം ഇന്നാണ് നടക്കുന്നത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ടി-20 പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസവുമായിട്ടായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക. മറുഭാഗത്ത് ടി-20 പരമ്പരയിലേറ്റ തോല്‍വിക്ക് പകരമായി സ്വന്തം മണ്ണില്‍ ഏകദിന പരമ്പര നേടാനുമായിരിക്കും ശ്രീലങ്ക ലക്ഷ്യമിടുക.

 

Content Highlight: Rohit Sharma Talks About His T20 Retirement