ടി-20യിൽ നിന്നും വിരമിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല: രോഹിത് ശർമ
Cricket
ടി-20യിൽ നിന്നും വിരമിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല: രോഹിത് ശർമ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st July 2024, 2:13 pm

നീണ്ട 17 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടാണ് ഇന്ത്യ വീണ്ടും ടി-20 ലോകകപ്പ് ഇന്ത്യന്‍ മണ്ണിലെത്തിച്ചത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും ലോക ജേതാക്കളായത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ ഇന്നിങ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസിൽ അവസാനിക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു രോഹിത്തിന്റെ കീഴില്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ലോകകപ്പ് വിജയത്തിന് പിന്നാലെ ആരാധകരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ മത്സരശേഷം രോഹിത് തന്റെ വിരമിക്കൽ തീരുമാനത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ടി-20യില്‍ നിന്നും താന്‍ വിരമിക്കാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നില്ലെന്നും സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നുമാണ് ഇന്ത്യന്‍ നായകന്‍ പറഞ്ഞത്.

‘ടി-20യില്‍ നിന്നും വിരമിക്കുമെന്ന് ഞാന്‍ കരുതിയില്ല, എന്നാല്‍ സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു എനിക്ക് പറ്റിയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഞാന്‍ കരുതി. കിരീടം നേടികൊണ്ട് വിട പറയുന്നത് വളരെ മികച്ചതാണ്,’ രോഹിത് പറഞ്ഞു.

ഈ ലോകകപ്പില്‍ ബാറ്റിങ്ങില്‍ മിന്നും പ്രകടനമായിരുന്നു രോഹിത് നടത്തിയത്. എട്ട് ഇന്നിങ്‌സുകളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 281 റണ്‍സാണ് രോഹിത് നേടിയത്. 35.12 ആവറേജിലും 124.33 സ്‌ട്രൈക്ക് റേറ്റിലുമാണ് ഇന്ത്യന്‍ നായകന്‍ ബാറ്റ് വീശിയത്.

ഇന്ത്യക്കൊപ്പം കുട്ടി ക്രിക്കറ്റില്‍ 159 മത്സരങ്ങളില്‍ നിന്നും അഞ്ച് സെഞ്ച്വറികളും 32 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4231 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്.

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ഫൈനലിലെ വിജയത്തോടൊപ്പം ഇന്റര്‍നാഷണല്‍ ടി-20യില്‍ 50 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു.

 

Content Highlight: Rohit Sharma Talks About His Retirement Decision