ടി-20 ലോകകപ്പില്‍ സൂപ്പര്‍ 8ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഓസ്ട്രേലിയ 24 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയിരുന്നു. ബ്യൂസെജൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. ടി-20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ആറ് മത്സരങ്ങളാണ് ഈ ലോകകപ്പില്‍ ഇന്ത്യ രോഹിത്തിന്റെ കീഴില്‍ വിജയിച്ചത്.
2007, 2014 ടി-20 ലോകകപ്പില്‍ എം.എസ് ധോണിയുടെ കീഴില്‍ ഇന്ത്യ അഞ്ച് മത്സരങ്ങള്‍ വിജയിച്ചിരുന്നു. എന്നാല്‍ ഈ ജയത്തോടെ ഇന്ത്യന്‍ ഇതിഹാസ നായകനെ മറികടന്നുകൊണ്ടാണ് രോഹിത് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
41 പന്തില്‍ 92 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ നേടിയത്. 224.39 സ്ട്രൈക്ക് റേറ്റില്‍ ഏഴ് ഫോറുകളും എട്ട് സിക്സുകളുമാണ് താരം നേടിയത്.
മത്സരത്തില്‍ എട്ട് റണ്‍സകലെയാണ് രോഹിത്തിന് സെഞ്ച്വറി നഷ്ടമായത്. മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് ഇന്ത്യന്‍ നായകന്‍ പുറത്തായത്.
സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെയാണ് രോഹിത് ശര്‍മയും ഏറ്റുമുട്ടുക. ജൂണ്‍ 27ന് നടക്കുന്ന മത്സരത്തില്‍ പ്രൊവിഡന്‍സ് സ്റ്റേഡിയമാണ് വേദിയാവുന്നത്.