ഞങ്ങള്‍ വലിയ റിസ്‌കാണ് എടുത്തത്; തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ
Sports News
ഞങ്ങള്‍ വലിയ റിസ്‌കാണ് എടുത്തത്; തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st October 2024, 6:36 pm

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. കാണ്‍പൂരില്‍ നടന്ന മത്സരത്തിന്റെ രണ്ട് ദിവസങ്ങള്‍ മഴമൂലം നഷ്ടമായിരുന്നു. എന്നാല്‍ നാലാം ദിവസവും അഞ്ചാം ദിവസവും ഐതിഹാസികമായ പ്രകടനം നടത്തികൊണ്ട് ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

മഴകാരണം രണ്ടര ദിവസത്തിലധികം നഷ്ടമായ മത്സരം സമനിലയില്‍ കലാശിക്കുമെന്നാണ് നാലാം ദിവസം ഇന്ത്യ ബാറ്റിങ്ങിനിറങ്ങും മുമ്പ് വരെ കടുത്ത ആരാധകരും അനലിസ്റ്റുകളും കരുതിയിരുന്നത്. എന്നാല്‍ അവരെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു ഇന്ത്യയുടെ സ്ട്രാറ്റജി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മികച്ച പ്രകടനമായിരുന്നു ടീം കാഴ്ചവെച്ചത്. മത്സരത്തില്‍ ഇന്ത്യ വലിയ റിസ്‌കാണ് എടുത്തതെന്ന് പറയുകയാണ് ക്യാപ്റ്റന്‍ രോഹിത്.

‘മഴ കാരണം ഞങ്ങള്‍ക്ക് ഒരുപാട് സമയം നഷ്ടപ്പെട്ടതിനാല്‍ കളി ഞങ്ങള്‍ക്ക് എളുപ്പമായിരുന്നില്ല. എന്നിരുന്നാലും, ഞങ്ങള്‍ക്ക് ജയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, നാലാം ദിവസം ഞങ്ങളുടെ ബൗളര്‍മാര്‍ ബംഗ്ലാദേശിനെ പുറത്താക്കി, ബാറ്റര്‍മാര്‍ അക്രമാസത്ത മനോഭാവം കാണിച്ചതുകൊണ്ട് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി.

100നോ 150നോ ഓള്‍ഔട്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ഞങ്ങള്‍ ഒരു വലിയ റിസ്‌ക് എടുത്തു. കളി ജയിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ഞങ്ങള്‍ അതിന് തയ്യാറായിരുന്നു,’ രോഹിത് ശര്‍മ ജിയോ സിനിമയില്‍ പറഞ്ഞു.

ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 233 റണ്‍സാണ് നേടിയത്. മോമിനുല്‍ ഹഖിന്റെ സെഞ്ച്വറിയാണ് ബംഗ്ലാദേശിന് തുണയായത്. 194 പന്തില്‍ 107 റണ്‍സാണ് മോമിനുല്‍ നേടിയത്. 17 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും ആര്‍. അശ്വിന്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 285 റണ്‍സിന് ഒമ്പത് വിക്കറ്റ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യക്കായി യശ്വസ്വി ജെയ്‌സ്വാള്‍ 51 പന്തില്‍ 72 റണ്‍സും 43 പന്തില്‍ 68 റണ്‍സും നേടി കെ.എല്‍ രാഹുലും മികച്ച പ്രകടനം നടത്തി. 35 പന്തില്‍ 47 റണ്‍സ് നേടി വിരാട് കോഹ്ലിയും നിര്‍ണായകമായി.

ബംഗ്ലാദേശ് ബൗളിങ്ങില്‍ മെഹദി ഹസന്‍ മിറാസ്, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. ഹസന്‍ മഹമൂദ് ഒരു വിക്കറ്റും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശിനെ വെറും 146 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തുകാട്ടിയത്. ഇന്ത്യക്കായി ബുംറ, അശ്വിന്‍, ജഡേജ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ബംഗ്ലാദേശ് തകരുകയായിരുന്നു. ആകാശ് ദീപ് ഒരു വിക്കറ്റും നേടി.

അര്‍ധസെഞ്ച്വറി നേടിയ ഷാദ്മാന്‍ ഇസ്ലാം മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പിടിച്ചുനിന്നത്. 101 പന്തില്‍ 50 റണ്‍സാണ് താരം നേടിയത്.

ഇന്ത്യക്കായി ജെയ്‌സ്വാള്‍ 45 പന്തില്‍ 51 റണ്‍സും വിരാട് 37 പന്തില്‍ 29 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ പല റെക്കോഡുകളും സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റിലെ വേഗതയേറിയ 50, 100, 150, 200, 250 തുടങ്ങിയ ടീം സ്‌കോര്‍ എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ 50 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്ത ഇന്ത്യ 10.1 ഓവറില്‍ 100 റണ്‍സ് മാര്‍ക്കും 18.2 ഓവറില്‍ 150 റണ്‍സ് മാര്‍ക്കും മറികടന്നു. 24.2 ഓവറിലാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 200 റണ്‍സ് പിറന്നത്. അധികം വൈകാതെ 30.1 ഓവറില്‍ 250 റണ്‍സും ഇന്ത്യ മറികടന്നു.

ഇനി ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയാണ് ഇന്ത്യക്ക് ഉള്ളത്. ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം ഒക്ടോബര്‍ ഒമ്പതിന് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും അവസാന മത്സരം ഒക്ടോബര്‍ 12ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലും നടക്കും.

 

Content Highlight: Rohit Sharma Talking About Test Match Against Bangladesh