ടി-20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ വിജയം ലക്ഷ്യമിട്ടാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇറങ്ങുന്നത്.
ബൗളര്‍മാരെ പിന്തുണക്കുന്ന പിച്ചില്‍ എന്ത് സംഭവിക്കും എന്ന ആകാംക്ഷയിലാണ് ആരാധകരും. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. സ്ലോ പിച്ചില്‍ കളിക്കുന്നതിനേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രോഹിത്. ഉദ്ഘാടന മത്സരത്തില്‍ ന്യൂയോര്‍ക്കില്‍ കളിക്കുന്നതിന്റെ ആവേശവും ക്യാപ്റ്റന്‍ രോഹിത് പ്രകടിപ്പിച്ചു.
‘ഇപ്പോഴുള്ള ജോലിയില്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. നിങ്ങളുടെ കഴിവിന്റെ പരമാവധി കളിക്കുക, തുടര്‍ന്ന് വീണ്ടും വിലയിരുത്തുക. അമിതമായി ചിന്തിച്ച് സമ്മര്‍ദത്തിലാകുന്നതില്‍ കാര്യമല്ല, അമേരിക്കയില്‍ ക്രിക്കറ്റ് കളിക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ ഞങ്ങള്‍ ഇവിടെ മികവ് കാണിക്കും,’ രോഹിത് പറഞ്ഞു.
2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
ടി-20 ലോകകപ്പിന് മുന്നോടിയായി ജൂണ്‍ ഒന്നിന് നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 60 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. എന്നാല്‍ മത്സരത്തില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് ഇറങ്ങിയിട്ടില്ലായിരുന്നു.
Content Highlight: Rohit Sharma Talking About T20 world Cup 2024