ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം. മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ കിവീസ് 402 റണ്‍സ് നേടി ഓള്‍ ഔട്ട് ആയെങ്കിലും വമ്പന്‍ ലീഡ് നേടുകയായിരുന്നു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 462 റണ്‍സിന് മടങ്ങിയപ്പോള്‍ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കുന്നത്.
രണ്ടാം ഇന്നിങ്‌സിലായിരുന്നു ഇന്ത്യ ബാറ്റിങ്ങില്‍ തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് സര്‍ഫറാസ് ഖാനും റിഷബ് പന്തുമാണ്. 195 പന്തില്‍ 18 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 150 റണ്‍സോടെ സെഞ്ച്വറി നേടിയാണ് സര്‍ഫറാസ് പുറത്തായത്.
ഫോര്‍മാറ്റില്‍ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. 105 പന്തില്‍ നിന്ന് അഞ്ച് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 99 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംസാരിച്ചിരുന്നു.
മത്സരത്തില്‍ പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും താരത്തിന്റെ ഫിറ്റ്‌നസ് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് രോഹിത് പറഞ്ഞു. റണ്ണിങ്ങില്‍ അസ്വസ്ഥനായിരുന്ന പന്തിന് കൂടുതല്‍ വിശ്രമം നല്‍കേണ്ടതുണ്ടെന്നാണ് രോഹിത് പ്രസ് മീറ്റില്‍ പറഞ്ഞത്.
‘പന്തിന്റെ കാല്‍മുട്ടിന് ഒരു വലിയ ഓപ്പറേഷന്‍ ഉണ്ടായിരുന്നു, അത് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്, അവന്‍ ബാറ്റ് ചെയ്യുമ്പോള്‍ സുഖമായിട്ടല്ല ഓടുന്നത്, ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷങ്ങള്‍ അദ്ദേഹം ഒരുപാട് ആഘാതങ്ങളിലൂടെ കടന്നുപോയി. ആ വേദന സഹിക്കാന്‍ എളുപ്പമല്ല, അതിനാല്‍ അടുത്ത ടെസ്റ്റിന് മുമ്പ് ഞങ്ങള്‍ക്ക് അദ്ദേഹത്തിന് അധിക വിശ്രമം നല്‍കും,’ പ്രസ് മീറ്റില്‍ രോഹിത് പറഞ്ഞു.
Content Highlight: Rohit Sharma Talking About Rishabh Pant