2024 ടി-20 ലോകകപ്പ് ഫൈനലില്‍ ഐതിഹാസികമായ വിജയത്തോടെയാണ് ഇന്ത്യ കീരീടം നേടിയത്. ഇതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യയ്ക്ക് തങ്ങളുടെ രണ്ടാം ടി-20 കിരീടം നേടാനും കഴിഞ്ഞിരുന്നു. എന്നാല്‍ ഇതിന് പുറകെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ജഡേജയും ടി-20ഐയില്‍ നിന്നും വിരമിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ക്രിക്കറ്റില്‍ നിന്ന് താരങ്ങള്‍ വിരമിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ജിയോ സിനിമയുമായുള്ള ഒരു അഭിമുഖത്തിലാണ് താരം സംസാരിച്ചത്.
‘ലോക ക്രിക്കറ്റില്‍ താരങ്ങള്‍ വിരമിക്കുന്നത് ഇപ്പോള്‍ ഒരു താമാശയായി മാറിയിരിക്കുകയാണ്. ആളുകള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നു, പക്ഷെ കളിക്കാന്‍ വീണ്ടും മടങ്ങിവരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത് സംഭവിച്ചില്ല, ഞാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരെ നിരീക്ഷിക്കുന്നുണ്ട്. അവര്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നു, പക്ഷെ പിന്നീട് ഒരു യൂ ടേണ്‍ എടുക്കുന്നു.
ആരെങ്കിലും യഥാര്‍ത്ഥത്തില്‍ വിരമിച്ചിട്ടുണ്ടോ എന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല. അതേസമയം എന്റെ തീരുമാനം അന്തിമമാണ്, എനിക്ക് വളരെ വ്യക്തമായിരുന്നു, ടി-20യില്‍ നിന്ന് വിടപറയാന്‍ ഇത് അനുയോജ്യമായ സമയമാണെന്ന്,’ രോഹിത് ജിയോ സിനിമയില്‍ പറഞ്ഞു.
ഇനി ഇന്ത്യക്ക് മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നടക്കാനിരിക്കുകയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്. ഇംഗ്ലണ്ടിനെതിരെ 2024 മാര്‍ച്ചിലാണ് ഇന്ത്യ അവസാന ടെസ്റ്റ് കളിച്ചത്.
Content Highlight: Rohit Sharma Talking About Retirement Of Players