2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. 2007ല്‍ എം.സ്. ധോണിക്ക് ശേഷം 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ കിരീടം നേടുന്നത്.
എന്നാല്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് രോഹിത്തും വിരാട് കോഹ്‌ലിയും ടി-20 ഇന്റര്‍നാഷണല്‍ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചത്. ഇരുവര്‍ക്കും പുറമെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും വിരമിക്കല്‍ പ്രഖാപിച്ചിരുന്നു.
എന്നാല്‍ ഞായറാഴ്ച അമേരിക്കയിലെ ഡാളസില്‍ നടന്ന ഒരു പരിപാടിക്കിടെ രോഹിതിനോട് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് വീണ്ടും ചോദിച്ചു. താന്‍ ഒരുപാട് മുന്നോട്ട് ചിന്തിക്കുന്ന ആളല്ലെന്നും ഉറപ്പായും കളി തുടരുമെന്നാണ് രോഹിത് പറഞ്ഞത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ലോകകപ്പും ഇന്ത്യന്‍ ടീമിനൊപ്പം നേടുക എന്ന ലക്ഷ്യത്തോടെ ഇനിയും കളിക്കുമെന്നുള്ള തന്റെ ആഗ്രഹം അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
‘ഞാന്‍ ഇതുവരെ വിരമിക്കലിനെ കുറിച്ച് അധികം ചിന്തിച്ചിട്ടില്ല. ഭാവി ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല പക്ഷേ ഞാന്‍ കളിക്കുന്നുണ്ട്, അതിനാല്‍ കുറച്ച് വര്‍ഷങ്ങള്‍ കൂടി തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ എന്റെ പ്രധാന ലക്ഷ്യം ലോകകപ്പ് നേടുന്നതിലാണ്.
2025ല്‍ ഒരു ഡബ്ല്യു.ടി.സി ഫൈനലും ഉണ്ട്, അതില്‍ ഇന്ത്യക്ക് യോഗ്യത നേടാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനപ്പുറം, എന്താണ് മുന്നിലുള്ളതെന്ന് എനിക്ക് ഉറപ്പില്ല, പക്ഷേ ഞാന്‍ കാര്യങ്ങള്‍ ഓരോന്നായി പിക് ചെയ്യുകയാണ്,’രോഹിത് പരിപാടിയില്‍ പറഞ്ഞു.
Content highlight: Rohit Sharma Talking About Retirement