| Thursday, 5th December 2024, 2:49 pm

രണ്ടാം ടെസ്റ്റിലെ ഓപ്പണിങ് സ്ലോട്ടില്‍ വമ്പന്‍ ട്വിസ്റ്റ്; സ്ഥിരീകരണവുമായി രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്‌ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക. ആദ്യ ടെസ്റ്റിലെ വമ്പന്‍ വിജയത്തിന് ശേഷം ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റിന്റെ തയ്യാറെടുപ്പിലാണ്.

ആദ്യ ടെസ്റ്റില്‍ മാറി നിന്ന രോഹിത് ശര്‍മയുടെ തിരിച്ചുവരവോടെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ എന്ത് മാറ്റം സംഭവിക്കുമെന്ന ആകാംക്ഷയിലായിരുന്നു ക്രിക്കറ്റ് ലോകം. ആദ്യ ടെസ്റ്റില്‍ രോഹിത്തിന് പകരം ഓപ്പണിങ് സ്ലോട്ടില്‍ ഇറങ്ങിയ കെ.എല്‍. രാഹുലിന്റെയും യശസ്വി ജെയ്വാളിന്റെയും മികച്ച കൂട്ടുകെട്ട് ആരാധകര്‍ കണ്ടതാണ്. എന്നാല്‍ രോഹിത് എത്തുന്നതോടെ രാഹുലിന്റെ ഓപ്പണിങ് സ്ഥാനം നഷ്ടപ്പെടുമോ എന്ന ചിന്തയിലായിരുന്നു ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും.

രണ്ടാം ടെസ്റ്റില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു. ഓപ്പണിങ് സ്ലോട്ടില്‍ രാഹുല്‍ തന്നെ ഇറങ്ങുമെന്നാണ് രോഹിത് പറഞ്ഞത്.

രാഹുലിന്റെ ബാറ്റിങ് പോസിഷനെപറ്റി രോഹിത് പറഞ്ഞത്

‘കെ.എല്‍. രാഹുല്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. ജെയ്സ്വാളിനൊപ്പമുള്ള അവന്റെ കൂട്ടുകെട്ട് പെര്‍ത്തിലെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. അവന്‍ ഓപ്പണറായി തന്നെ തുടരണം. ഞാന്‍ മറ്റെവിടെയങ്കിലും ബാറ്റ് ചെയ്തുകൊള്ളാം. വ്യക്തിപരമായി ഇതൊട്ടും എളുപ്പമുള്ള കാര്യമല്ല, എങ്കിലും ടീമിന്റെ നന്മയ്ക്കായി നിങ്ങള്‍ ഇത്തരത്തിലുള്ള തീരമാനങ്ങളെടുക്കണം,’ രോഹിത് ശര്‍മ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ രോഹിത്തിന് പകരം കെ.എല്‍. രാഹുലിനെയും യശസ്വി ജെയ്സ്വാളിനെയും ഓപ്പണിങ് ജോഡികളാക്കിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി 201 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. 176 പന്തില്‍ നിന്ന് രാഹുല്‍ അഞ്ച് ഫോര്‍ അടക്കം 77 റണ്‍സ് നേടി പുറത്തായപ്പോള്‍ ജെയ്‌സ്വാള്‍ 161 റണ്‍സൂും നേടി അമ്പരപ്പിച്ചിരുന്നു.

Content Highlight: Rohit Sharma Talking About Opening Slot In Second Test Against Australia

We use cookies to give you the best possible experience. Learn more