ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക. ആദ്യ ടെസ്റ്റിലെ വമ്പന്‍ വിജയത്തിന് ശേഷം ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റിന്റെ തയ്യാറെടുപ്പിലാണ്.
പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ കെ.എല്‍. രാഹുലും ജെയ്‌സ്വാളും 201 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് നേടിയത്. ഓസ്ട്രേലിയയില്‍ ഒരു ഇന്ത്യന്‍ ഓപ്പണിങ് ജോഡിയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായിരുന്നു ഇത്. പെര്‍ത്തില്‍ ഓസ്‌ട്രേലിയയെ 295 റണ്‍സിന് മുട്ടുകുത്തിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു.
രണ്ടാം ടെസ്റ്റിന് ക്യാപ്റ്റന്‍ രോഹിത് തിരിച്ചെത്തിയതിനാല്‍ നിലവിലെ ഓപ്പണിങ് ജോഡികളായ രാഹുലിന്റെ ബാറ്റിങ് സ്ലോട്ട് എവിടെയായിരിക്കുമെന്ന് പറയുകയാണ് രോഹിത്.
‘രാഹുല്‍ ബാറ്റിങ് ഓപ്പണ്‍ ചെയ്യും,ഞാന്‍ മധ്യനരിയില്‍ എവിടെയെങ്കിലും ബാറ്റ് ചെയ്യും,’ രോഹിത് ശര്‍മ പറഞ്ഞു.
‘ടോപ് ഓര്‍ഡറിന് താഴെ ബാറ്റ് ചെയ്യാനുള്ള ആ തീരുമാനത്തില്‍ ഞാന്‍ എങ്ങനെ എത്തി എന്നത് വ്യക്തമാണ്. ഞങ്ങള്‍ക്ക് നല്ല റിസള്‍ട്ട് വേണം, ഞങ്ങള്‍ക്ക് വിജയം വേണം. കൂടാതെ നിലവില്‍ രണ്ടു പേരും കഴിഞ്ഞ മത്സരത്തില്‍ ഉജ്ജ്വലമായി ബാറ്റ് ചെയ്തു. കൈകളില്‍ എന്റെ കുഞ്ഞിനേയും പിടിച്ച് കെ.എല്‍. രാഹുല്‍ എങ്ങനെ ബാറ്റ് ചെയ്യുന്നുവെന്ന് ഞാന്‍ കഴിഞ്ഞ പെര്‍ത്ത് ടെസ്റ്റില്‍ കണ്ടതാണ്, അത് ഇപ്പോള്‍ മാറ്റേണ്ട ആവശ്യമില്ലെന്ന് എനിക്ക് തോന്നി.
ഇന്ത്യക്ക് പുറത്ത് രാഹുല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍, ഒരുപക്ഷേ അവന്‍ ആ സ്ഥാനത്തിനും ഈ സമയത്തിനും അര്‍ഹനായിരിക്കും. ആദ്യ ടെസ്റ്റില്‍ ജെയ്സ്വാളിനൊപ്പമുള്ള ആ വലിയ കൂട്ടുകെട്ട് ഞങ്ങള്‍ക്ക് വിജയം സമ്മാനിച്ച ഒന്നാണ്.
നിങ്ങള്‍ പെര്‍ത്ത് പോലൊരു സ്ഥലത്ത് വന്ന് 500 റണ്‍സ് നേടുമ്പോള്‍, അത് ബോക്‌സില്‍ ഒരു വലിയ ടിക്ക് ആണ്, അത്രയും നല്ല കളിക്കാരെ മറ്റേണ്ടതില്ല, വ്യക്തിപരമായി പറഞ്ഞാല്‍ പൊസിഷന്‍ മാറ്റം അത്ര എളുപ്പമല്ല, പക്ഷേ ടീമിന് അത് വളരെയധികം നല്ലതായിരിക്കും,’ രോഹിത് പത്രസമ്മേളത്തില്‍ പറഞ്ഞു.
പിങ്ക് ബോള്‍ ടെസ്റ്റ് ആറ് വര്‍ഷത്തിനിടെ ഇന്ത്യക്കായി മധ്യനിരയില്‍ രോഹിത് ബാറ്റ് ചെയ്യുന്നത് ഇത് ആദ്യമായാണ്. 2019 ല്‍ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചതുമുതല്‍ ഓപ്പണിങ്ങില്‍ രോഹിത് നിലയുറപ്പിച്ചു.
തകര്‍പ്പന്‍ പ്രകടനങ്ങളുടെ പരമ്പരയിലൂടെ രോഹിത് ആ സ്ലോട്ട് സ്ഥിരമായി സ്വന്തമാക്കി. ഹോം പരമ്പരയില്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരെ 176, 212 സ്‌കോറുകളോടെ തുടങ്ങിയ അദ്ദേഹം അഞ്ച് സെഞ്ച്വറികള്‍ കൂടി ചേര്‍ത്തു.
Content Highlight: Rohit Sharma Talking About K.L Rahul And His Batting Position