| Wednesday, 5th June 2024, 10:59 am

ഇന്ത്യയുടെ വിജയരഹസ്യം വെളിപ്പെടുത്തി രോഹിത് ശര്‍മ!

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ മത്സരം അരങ്ങേറുന്നത്.

ബൗളര്‍മാരെ പിന്തുണക്കുന്ന പിച്ചില്‍ എന്ത് സംഭവിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംസാരിച്ചിരുന്നു. ഇന്ത്യയുടെ വിജയരഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടിപറയുകയായിരുന്നു രോഹിത്.

‘ഈ കാര്യത്തെക്കുറിച്ച് ഞാന്‍ ഒരുപാട് ചിന്തിച്ചിട്ടുണ്ട്. എനിക്ക് കഴിയുന്ന രീതിയില്‍ ഞാന്‍ കളിക്കാന്‍ പോകുന്നു, ഒപ്പം എല്ലാവരേയും ഒരു ടീമായി കളിപ്പിക്കും, ഞാന്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകള്‍ കൈകാര്യം ചെയ്യാന്‍ ടീമിലെ എല്ലാവര്‍ക്കും അവരുടേതായ രീതികളുണ്ട്, അവരും ശരിയായ കോളുകള്‍ സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ രോഹിത് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ടി-20 ലോകകപ്പിന് മുന്നോടിയായി ജൂണ്‍ ഒന്നിന് നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 60 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

Content Highlight: Rohit Sharma Talking About Indian Team

We use cookies to give you the best possible experience. Learn more