ഈ പരമ്പര പ്രാക്ടീസിനുള്ളതല്ല, ഇത് ഒരു അന്താരാഷ്ട്ര മത്സരമാണ്; മാധ്യമങ്ങളോട് സംസാരിച്ച് രോഹിത് ശര്‍മ
Sports News
ഈ പരമ്പര പ്രാക്ടീസിനുള്ളതല്ല, ഇത് ഒരു അന്താരാഷ്ട്ര മത്സരമാണ്; മാധ്യമങ്ങളോട് സംസാരിച്ച് രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st August 2024, 8:33 pm

ശ്രീലങ്കയ്ക്ക് എതിരായ ടി-20 പരമ്പര തൂത്തുവാരിയതോടെ ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഏകദിന പരമ്പരയാണ്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍ നടക്കുക. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും ഏകദിന ടീമില്‍ തിരിച്ചെത്തിയത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ശ്രീലങ്കയോടുള്ള പരമ്പര വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പാണോ ലോകകപ്പിനുള്ള മുന്നൊരുക്കമാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രോഹിത് ശര്‍മ.

‘ഈ പരമ്പര ഒരു പ്രാക്ടീസ് ഗ്രൗണ്ടല്ല, ഇപ്പോഴും ഒരു അന്താരാഷ്ട്ര മത്സരമാണിത്. നേടാന്‍ ആഗ്രഹിക്കുന്നതൊക്കെ ഞങ്ങള്‍ മനസില്‍ സൂക്ഷിക്കും, പക്ഷേ ഇത് ഒരു തരത്തിലും തയ്യാറെടുപ്പോ പരിശീലനമോ അല്ല. ഞങ്ങള്‍ ഇവിടെ വന്ന് നല്ല ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നു. പരമ്പരയില്‍ നിന്ന് എന്തെങ്കിലും നേടുക എന്നത് ഞങ്ങളുടെ ലക്ഷ്യമാണ്.

‘തീര്‍ച്ചയായും സാധ്യമായതെല്ലാം പരീക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ നിങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ ക്രിക്കറ്റിന്റെ നിലവാരം അതേപടി നിലനില്‍ക്കണം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ എങ്ങനെ കളിച്ചു എന്നത് പ്രധാനമാണ്. നമുക്ക് കൊളംബോയില്‍ പോയി വിശ്രമിക്കാം എന്ന രീതിയില്‍ ഞങ്ങള്‍ ചിന്തിച്ചിട്ടില്ല,’ രോഹിത് പറഞ്ഞു.

 

Content Highlight: Rohit Sharma Talking About India VS Sri Lanka Series