ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടമണിഞ്ഞിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുത്തത്.
മറുപടി ബാറ്റിങ്ങില്‍ 83 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ഫൈനലില്‍ തിളങ്ങി ക്രിക്കറ്റ് ലോകത്ത് വീണ്ടും കരുത്ത് തെളിയച്ച രോഹിത് മത്സര ശേഷം തന്റെ ഏകദിന ഫോര്‍മാറ്റിലെ വിരമിക്കലിനെക്കുറിച്ചും സംസാരിച്ചിരിക്കകയാണ്.
‘ഒരു കാര്യം കൂടി. ഈ ഫോര്‍മാറ്റില്‍ നിന്ന് ഞാന്‍ വിരമിക്കാന്‍ പോകുന്നില്ല, മുന്നോട്ട് പോകുമ്പോള്‍ ഒരു കിംവദന്തിയും പരക്കാതിരിക്കാന്‍ വേണ്ടിയാണിത്,’ രോഹിത്ത് പറഞ്ഞു.
ഇതോടെ ഇന്ത്യയ്ക്ക് രണ്ടാം ഐ.സി.സി കിരീടം നേടിക്കൊടുക്കാനും രോഹിത്തിന് സാധിച്ചു. മാത്രമല്ല ഐ.സി.സിയുടെ നാല് ടൂര്‍ണമെന്റിലും ഫൈനലില്‍ എത്തിച്ചേരുന്ന ഏക ക്യാപ്റ്റനാകാനും രോഹിത്തിന് സാധിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍ 62 പന്തില്‍ 48 റണ്‍സും കെ.എല്‍ രാഹുല്‍ 33 പന്തില്‍ 34 റണ്‍സ് നേടി മികവ് പുലര്‍ത്തി. ജഡേജയെ കൂട്ട് പിടിച്ച് പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് കൊണ്ടെത്തിക്കാനും താരത്തിന് സാധിച്ചു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. ഡാരില്‍ മിച്ചലിന്റെ കരുത്തിലാണ് കിവികള്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 101 പന്തില്‍ 63 റണ്‍സാണ് മിച്ചല്‍ നേടിയത്.
അവസാന സമയത്ത് മൈക്കല്‍ ബ്രേസ്‌വെല്‍ 40 പന്തില്‍ 53 റണ്‍സും നേടി പുറത്താകാതെ മികവ് പുലര്‍ത്തി. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ , മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Rohit Sharma Talking About His Retirement In ODI