Sports News
ഞാന്‍ മുമ്പ് ക്യാപ്റ്റനായിരുന്നു, പിന്നീട് എല്ലാം മാറി; വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 03, 07:55 am
Friday, 3rd May 2024, 1:25 pm

ഐ.പി.എല്‍ ആവേശം പതിന്‍ മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. പ്ലെയ് ഓഫ് ഉറപ്പിക്കാന്‍ ഫ്രാഞ്ചൈസികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. എന്നാല്‍ ഈ തവണ പ്ലെയ് ഓഫ് സാധ്യതപോലുമില്ലാതെ പുറത്തായിരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്.

മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും തന്നെ നീക്കം ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയാണ് രോഹിത് ശര്‍മ. വരാനിരിക്കുന്ന ടി- 20 ലോകകപ്പിന് മുന്നോടിയായി ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കറിനൊപ്പമുള്ള പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു താരം.

ക്യാപ്റ്റന്‍സി പ്രശ്‌നം നിരാശപ്പെടുത്തിയെങ്കിലും രോഹിത് ശര്‍മ തന്റെ വികാരങ്ങള്‍ മറച്ചുവെച്ചില്ല. ക്യാപ്റ്റന്‍സിയില്ലാതെ കളിക്കുന്നത് പുതുമയുള്ള കാര്യമല്ലെന്നും തന്റെ കരിയറിലെ നിരവധി വര്‍ഷങ്ങള്‍ വ്യത്യസ്ത ക്യാപ്റ്റന്മാര്‍ക്ക് കീഴില്‍ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.

‘നിങ്ങള്‍ ആഗ്രഹിക്കുന്നത് എല്ലായ്‌പ്പോഴും ലഭിക്കണമെന്നില്ല, പക്ഷേ ഞാന്‍ സന്തോഷവാനാണ്. മുമ്പ് പല ക്യാപ്റ്റന്മാരുടെ കീഴിലും ഞാന്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്റെ കളിയിലും ടീമിന് വേണ്ടി എനിക്ക് എന്തുചെയ്യാന്‍ കഴിയും എന്നതുമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്,

‘ഞാന്‍ മുമ്പ് ക്യാപ്റ്റനായിരുന്നു, പിന്നീട് അത് മാറി, വീണ്ടും ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. അത് ജീവിതത്തിന്റെ ഭാഗമാണ്. ഇത് എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമല്ല, എം.ഐയുടെ ക്യാപ്റ്റന്‍ എന്നത് മികച്ച അനുഭവമാണ്, എന്നാല്‍ ഒരു കളിക്കാരനെന്ന നിലയില്‍ എനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ നോക്കുന്നത്,’ രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.

 

Content Highlight: Rohit Sharma Talking About His Captain Role