ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റിലും ഇന്ത്യ ദയനീയമായി പരാജയപ്പെടുകയായിരുന്നു. വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് നവംബര്‍ 22മുതല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംസാരിച്ചിരുന്നു. കിവീസിനെതിരെ ടീം വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും ടീമെന്ന നിലയിലും മെച്ചപ്പെടാനും ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്താനും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രോഹിത് പറഞ്ഞു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലേക്ക് രോഹിത് ശര്‍മ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
‘ഒരു കളിക്കാരന്‍ എന്ന നിലയിലും ഒരു ക്യാപ്റ്റന്‍ എന്ന നിലയിലും ഒരു ടീം എന്ന നിലയിലും നമ്മള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെ നമുക്ക് നേടാന്‍ കഴിയാത്തത് എങ്ങനെ ശരിയാക്കാമെന്ന് നോക്കണം. ഇവിടെ നമുക്ക് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കും, അതിനുള്ള എല്ലാ അവസരങ്ങളുമുണ്ട്. ഓസ്‌ട്രേലിയ വളരെ സ്‌പെഷ്യലാണ്,’ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി രോഹിത് പറഞ്ഞു.