| Saturday, 26th October 2024, 4:50 pm

ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല; കിവീസിനെതിരായ തോല്‍വിയുടെ കാരണം തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 113 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 351 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 245 റണ്‍സിന് പുറത്തായി.

സ്‌കോര്‍

ന്യൂസിലാന്‍ഡ്: 259 & 255

ഇന്ത്യ: 156 & 245 (T: 359)

മത്സരത്തിന് ശേഷം ഇന്ത്യയുടെ വമ്പന്‍ തോല്‍വിയുടെ കാരണത്തെക്കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംസാരിച്ചിരുന്നു. ബൗളിങ്ങില്‍ മികച്ച് നിന്നിരുന്നെങ്കിലും ബാറ്റിങ്ങില്‍ ടീം പരാജയപ്പെട്ടതാണ് തോല്‍വിയുടെ പ്രധാന കാരണമായി രോഹിത് ചൂണ്ടിക്കാട്ടിയത്.

‘ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എല്ലാ ക്രഡിറ്റും ന്യൂസിലാന്‍ഡിനാണ്. ചില അവസരങ്ങളില്‍ മുന്നേറുന്നതില്‍ ഞങ്ങള്‍ വളരെ പരാജയപ്പെട്ടു. ഞങ്ങള്‍ക്ക് നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. ബൗളിങ്ങില്‍ ഞങ്ങള്‍ 20 വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഞങ്ങളുടെ ബാറ്റര്‍മാര്‍ ബോര്‍ഡില്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതില്‍ പരാജയപ്പെട്ടത് വലിയ തിരിച്ചടിയാണ്. ന്യൂസിലാന്‍ഡിന്റെ ബൗളിങ്ങിലും ബാറ്റിങ്ങിലും ഞങ്ങള്‍ക്കുണ്ടായിരുന്ന വലിയ വെല്ലുവിളികള്‍ നേരിടുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു,’ മത്സര ശേഷം രോഹിത് ശര്‍മ പറഞ്ഞു.

കിവീസിന്റെ വിജയത്തോടെ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഹോം ടെസ്റ്റ് റെക്കോഡിന് കൂടിയാണ് തിരശീല വീണിരിക്കുന്നത്.

സ്വന്തം തട്ടകത്തില്‍ ടെസ്റ്റ് പരമ്പര പരാജയപ്പെടാതെ 4332 ദിവസം പിടിച്ചുനിന്ന ഇന്ത്യക്ക് ന്യൂസിലാന്‍ഡിന് മുമ്പില്‍ ഉത്തരമുണ്ടായില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യ പരമ്പരയും അടിയറവ് വെച്ചിരിക്കുന്നത്.

2012ന് ശേഷം ഇന്ത്യ ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നത്. 2012ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ അലസ്റ്റര്‍ കുക്കിന്റെ ഇംഗ്ലണ്ടിനോട് തോറ്റതിന് ശേഷം ഇപ്പോഴാണ് ഇന്ത്യ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്.

Content Highlight: Rohit Sharma Talking About Big Lose Against New Zealand In Home Test

We use cookies to give you the best possible experience. Learn more