| Sunday, 20th October 2024, 2:21 pm

ന്യൂസിലാന്‍ഡിനെതിരായ തോല്‍വിയുടെ കാരണം വെളിപ്പെടുത്തി രോഹിത് ശര്‍മ!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം. മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ കിവീസ് 402 റണ്‍സ് നേടി ഓള്‍ ഔട്ട് ആയെങ്കിലും വമ്പന്‍ ലീഡ് നേടുകയായിരുന്നു.

തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സിന് മടങ്ങിയപ്പോള്‍ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കുന്നത്.

ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംസാരിച്ചിരുന്നു. മത്സരത്തില്‍ തങ്ങളുടെ തോല്‍വിയുടെ കാരണത്തെക്കുറിച്ച് രോഹിത് തുറന്ന് സംസാരിച്ചു.

രോഹിത് ശര്‍മ പറഞ്ഞത്

‘രണ്ടാം ഇന്നിങ്സില്‍ മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ സാധിച്ചു. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തില്ല. അതിനാല്‍ എന്താണ് മുന്നിലുള്ളതെന്ന് അറിയാമായിരുന്നു. നിങ്ങള്‍ 350 പിന്നിലായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. എന്നിരുന്നാലും രണ്ടുപേര്‍ വേറിട്ട് നിന്നു.

ഇത് നേരത്തെ തന്നെ സംഭവിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, പക്ഷേ 46 റണ്‍സിന് പുറത്താകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ന്യൂസിലന്‍ഡ് നന്നായി ബൗള്‍ ചെയ്തു, ഞങ്ങള്‍ പരാജയപ്പെട്ടു.

ഇതുപോലുള്ള ഗെയിമുകള്‍ സംഭവിക്കും. ഞങ്ങള്‍ മുന്നോട്ട് പോകും. ഞങ്ങള്‍ ഇംഗ്ലണ്ടിനെതിരെ ഒരു കളി തോറ്റു, അതിനുശേഷം നാല് മത്സരങ്ങള്‍ ജയിച്ചു. ഓരോന്നിലും എന്താണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം,’ രോഹിത് ശര്‍മ പറഞ്ഞു.

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി കളത്തില്‍ ഇറങ്ങിയ കിവീസിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് വില്‍ യങ്ങും രചിന്‍ രവീന്ദ്രയുമാണ്.

വില്‍ 48 റണ്‍സും രചിന്‍ 39 റണ്‍സും നേടി പുറത്താകാതെ ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയെങ്കിലും വിജയം ഒരുപാട് അകലെയായിരുന്നു. ഇതോടെ ആരാധകര്‍ ഏറെ കാത്തിരുന്ന ചരിത്ര വിജയവും കിവീസ് സ്വന്തമാക്കിയിരിക്കുകയാണ്.

ആദ്യ ഇന്നിങ്സില്‍ കിവികള്‍ക്ക് വേണ്ടി രചിന്‍ രവീന്ദ്രയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് വലിയ ലീഡ് സമ്മാനിച്ചത്. 157 പന്തില്‍ നിന്ന് 11 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 134 റണ്‍സാണ് താരം അടിച്ചെടുത്തത്.

കിവീസിന് വേണ്ടി ആദ്യ ഇന്നിങസില്‍ മിന്നും ബൗളിങ് പ്രകടനം നടത്തിയത് മാറ്റ് ഹാരിയായിരുന്നു. വെറും 15 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളായിരുന്നു താരം നേടിയത്. ശേഷം വില്‍ ഒറോര്‍ക്ക് നാല് വിക്കറ്റും നേടിയപ്പോള്‍ ഇന്ത്യയെ 46 റണ്‍സിന് തകര്‍ക്കാന്‍ കിവീസിന് കഴിഞ്ഞു.

Content Highlight: Rohit Sharma Talking About Big Lose Against New Zealand

We use cookies to give you the best possible experience. Learn more