| Thursday, 19th December 2024, 12:53 pm

ബാറ്റ്‌കൊണ്ടും ബോളുകൊണ്ടും സംഭാവന നല്‍കുന്നവരെയാണ് ടീമിന് വേണ്ടത്; പ്രസ്താവനയുമായി രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ബ്രിസ്ബേനിലെ ഗാബയില്‍ നടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ രസംകൊല്ലിയായി മഴ പെയ്തതോടെ മത്സരത്തിന്റെ നല്ലൊരു ഭാഗവും വെള്ളത്തിലാവുകയായിരുന്നു.

ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. മത്സരത്തിലെ അഞ്ചാം ദിനത്തില്‍ ഇന്ത്യ 260 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു.

തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയില്‍ ഓസീസ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങില്‍ വീണ്ടും മഴ പെയ്തതോടെ മത്സരം സമനിലയിലാകുകയായിരുന്നു.

ആദ്യ ഇന്നിങ്‌സിന്റെ അവസാനഘട്ടത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി പിടിച്ചുനിന്നത് സ്റ്റാര്‍ ബൗളറും വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറയും 11ാമന്‍ ആകാശ് ദീപുമാണ്. നാലാം ദിനം വിക്കറ്റ് വിട്ടുകൊടുക്കാതെ ഫോളോ ഓണ്‍ ഒഴിവാക്കാനും താരങ്ങള്‍ക്ക് സാധിച്ചു.

ബുംറ 38 പന്തില്‍ നിന്ന് 10 റണ്‍സും ആകാശ് 44 പന്തില്‍ നിന്ന് 31 റണ്‍സും നേടിയാണ് കളം വിട്ടത്. മാത്രമമല്ല രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ പന്ത്‌കൊണ്ടും ആകാശ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്തിനോട് പത്രസമ്മേളനത്തില്‍ ആകാശ് ദീപിന്റെ പ്രകടനത്തെക്കുറിച്ച് പ്രശംസിച്ച് സംസാരിക്കുകയാണ്.

‘അവന്‍ എപ്പോഴും 100 ശതമാനം നല്‍കുന്നു, വിജയം നേടുന്ന രീതിയിലാണ് അവന്റെ കളി. എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലും സംഭാവന നല്‍കാന്‍ കഴിയുന്ന അത്തരം ആളുകളെ ടീമില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ലഭിച്ച അവസരങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു,’ രോഹിത് ശര്‍മ പറഞ്ഞു.

Content Highlight: Rohit Sharma Talking About Akash Deep

We use cookies to give you the best possible experience. Learn more