Advertisement
Sports News
30 പന്തില്‍ 30 റണ്‍സ് വേണ്ടപ്പോള്‍ ഞാന്‍ ബ്ലാങ്ക് ആയിരുന്നു; വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 16, 04:08 pm
Tuesday, 16th July 2024, 9:38 pm

2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. 2007ല്‍ എം.സ്. ധോണി കിരീടമുയര്‍ത്തിയതിന് ശേഷം 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ കിരീടം നേടുന്നത്.

ഒരു ഘട്ടത്തില്‍ ഇന്ത്യ തോല്‍വിയുടെ വക്കില്‍ എത്തിയയെങ്കിലും പേസര്‍ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ചേര്‍ന്ന അവസാന അഞ്ച് ഓവറില്‍ 22 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ബൗളിങ് യൂണിറ്റിന്റെ മിന്നും പ്രകടനമാണ് കയ്യില്‍ നിന്നും നഷ്ടപ്പെട്ട ടി-20 ലോകകപ്പ് കിരീടം തിരിച്ച് പിടിച്ചത്.

കഴിഞ്ഞ ദിവസം ഡാലസില്‍ നടന്ന ഒരു പരിപാടിയില്‍ ലോകകപ്പ് ഫൈനലിലെ അവസാന നിമിഷത്തെക്കുറിച്ച് രോഹിത് സംസാരിച്ചിരുന്നു. 30 പന്തില്‍ 30 റണ്‍സ് വിജയിക്കാനുള്ളപ്പോള്‍ മനസില്‍ എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രോഹിത്.

ഫൈനലിന്റെ അവസാന അഞ്ച് ഓവറുകളില്‍ ഇന്ത്യന്‍ ടീം വലിയ സമ്മര്‍ദത്തിലായിരുന്നുവെന്നും എന്നാല്‍ അസാധാരണമായ എന്തെങ്കിലും പരീക്ഷിക്കുന്നതിന് പകരം അടിസ്ഥാനകാര്യങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ തങ്ങള്‍ തീരുമാനിക്കുയായിരുന്നുവെന്നും രോഹിത് പറഞ്ഞു.

‘അതെ, ഞാന്‍ പൂര്‍ണ്ണമായും ബ്ലാങ്കായിരുന്നു, ശാന്തമായിരിക്കുകയും അടുത്ത പ്ലാന്‍ എന്താണെന്ന് തീരുമാനിക്കേണ്ടതും വളരെ പ്രധാനമായിരുന്നു. ഞങ്ങള്‍ വിജയത്തില്‍ നിന്ന് ഏറെ അകലെയായിരുന്നപ്പോഴും സൗത്ത് ആഫ്രിക്കയ്ക്ക് 30 പന്തില്‍ 30 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ഞങ്ങള്‍ എറിഞ്ഞ അഞ്ച് ഓവറുകള്‍ ഞങ്ങള്‍ എത്ര ശാന്തരാണെന്ന് കാണിച്ചുതരുന്നു,’ രോഹിത് പറഞ്ഞു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

 

Content Highlight: Rohit Sharma Talking About 2024 T-20 World Cup Final