കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒറ്റ വിക്കറ്റിനായിരുന്നു ബംഗ്ലാ കടുവകളുടെ വിജയം.
ബംഗ്ലാദേശ് ബൗളിങ്ങിന് മുമ്പില്‍ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിയുകയായിരുന്നു. പത്ത് ഓവര്‍ പന്തെറിഞ്ഞ് കേവലം 36 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുന്‍ നായകന്‍ ഷാകിബ് അല്‍ ഹസനും 8.2 ഓവറില്‍ 47 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ എദാബോത് ഹുസൈനുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 186 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിന്റെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. 70 പന്തില്‍ നിന്നും 73 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.
31 പന്തില്‍ നിന്നും 27 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ രണ്ടാമത്തെ ഏറ്റവും മികച്ച റണ്‍ ഗെറ്റര്‍.
കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെങ്കിലും, ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു വ്യക്തിഗത നേട്ടം ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് സ്വന്തമാക്കാന്‍ സാധിച്ചിരുന്നു.
ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനെ മറികടക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചു. 9,403 റണ്‍സാണ് ഏകദിനത്തില്‍ നിന്നും രോഹിത് ശര്‍മ ഇന്ത്യക്കായി നേടിയത്.
ഈ മത്സരത്തിന് മുമ്പ് അസറുദ്ദീനെക്കാള്‍ വെറും മൂന്ന് റണ്‍സ് മാത്രം പിറകിലായിരുന്നു രോഹിത് ശര്‍മ. തന്റെ 234ാമത് മത്സരത്തില്‍ ബൗണ്ടറി നേടിക്കൊണ്ടാണ് രോഹിത് ഈ നാഴികക്കല്ല് താണ്ടിയത്.
ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 18,426
വിരാട് കോഹ്‌ലി – 12,353
സൗരവ് ഗാംഗുലി – 11,221
രാഹുല്‍ ദ്രാവിഡ് – 10,786
എം.എസ്. ധോണി – 10,599
രോഹിത് ശര്‍മ – 9,403
മുഹമ്മദ് അസറുദ്ദീന്‍ – 9,378
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്നിട്ടും പരാജയപ്പെടാനായിരുന്നു ഇന്ത്യയുടെ വിധി. 136 റണ്‍സിന് ഒമ്പത് വിക്കറ്റ് എന്ന നിലയില്‍ നിന്നും ബംഗ്ലാദേശിന്റെ അവസാന വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ പരാജയത്തിന്റെ പടുകുഴിയിലേക്ക് വലിച്ചിട്ടത്.