ടി-20 ലോകകപ്പിലെ സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ വിജയിച്ചതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ തേടി ഒരു തകര്‍പ്പന്‍ നേട്ടമെത്തിയിരിക്കുകയാണ്. ബാബര്‍ അസമിന്റെ റെക്കോഡ് തകര്‍ത്താണ് ആ നേട്ടം രോഹിത് ശര്‍മ സ്വന്തമാക്കിയിരിക്കുന്നത്.
ടി-20 ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം മത്സരം ജയിക്കുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് രോഹിത് ശര്‍മയെ തേടിയെത്തിയിരിക്കുന്നത്.
സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ സിംബാബ്‌വേയെ തോല്‍പിച്ചതോടെ ക്യാപ്റ്റന്റെ റോളില്‍ രോഹിത് ശര്‍മ നേടുന്ന 21ാമത് വിജയമാണിത്. 2022ല്‍ ഇനിയും ടി-20 മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെ രോഹിത് ഈ നേട്ടം അരക്കിട്ടുറപ്പിക്കുമെന്നുറപ്പാണ്.
തന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നായ 2021ല്‍ പാക് നായകന്‍ ബാബര്‍ അസം നേടിയ 20 വിജയങ്ങളുടെ റെക്കോഡാണ് രോഹിത് മറികടന്നിരിക്കുന്നത്.
എന്നാല്‍ ഇന്ത്യ മത്സരങ്ങള്‍ വിജയിക്കുമ്പോഴും നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോമാണ് ടീമിന് തലവേദന സൃഷ്ടിക്കുന്നത്. ലോകകപ്പില്‍ കുഞ്ഞന്‍ ടീമായ നെതര്‍ലാന്‍ഡ്‌സിനെതിരെ നേടിയ അര്‍ധ സെഞ്ച്വറിയല്ലാതെ ഒരു ഹിറ്റ് പോലും ഹിറ്റ്മാന്റെ ബാറ്റില്‍ നിന്നും പിറന്നിട്ടില്ല.
സിംബാബ്‌വേക്കെതിരായ മത്സരത്തില്‍ 13 പന്തില്‍ നിന്നും 15 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാന്‍ സാധിച്ചത്.
ഈ ലോകകപ്പില്‍ ബാറ്റിങ്ങില്‍ പരാജയമായ ക്യാപ്റ്റന്‍മാരുടെയും ഓപ്പണര്‍മാരുടെയും കൂട്ടത്തില്‍ മുന്‍പന്തിയിലാണ് രോഹിത് ശര്‍മ. രോഹിത്തിനൊപ്പം തന്നെ ഈ കൂട്ടത്തില്‍ ബാബര്‍ അസവും തെംബ ബാവുമയുമുണ്ട്.
ലോകകപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ഏഴ് പന്തില്‍ നിന്നും നാല് റണ്‍സാണ് രോഹിത് നേടിയത്. നെതര്‍ലന്‍ഡ്‌സിനെതിരായ രണ്ടാം മത്സരത്തില്‍ 39 പന്തില്‍ നിന്നും 53 റണ്‍സ് നേടി തിരിച്ചുവന്നുവെന്ന് തോന്നിച്ചെങ്കിലും മൂന്നാം മത്സരത്തില്‍ വീണ്ടും പരാജയമായി.
പ്രോട്ടീസിനെതിരായ മത്സരത്തില്‍ 14 പന്തില്‍ നിന്നും 15 റണ്‍സുമായി പുറത്തായപ്പോള്‍ ബംഗ്ലാദേശിനെതിരെ എട്ട് പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
ഈ ലോകകപ്പിലെ അഞ്ച് മത്സരത്തില്‍ നിന്നും കേവലം 89 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മക്ക് നേടാന്‍ സാധിച്ചത്.