ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ബരാബതി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 33 പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
49.5 ഓവറില്‍ 304 റണ്‍സിന് ജോസ് ബട്‌ലറിന്റെ ത്രീ ലയണ്‍സ് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 44.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യയ്ക്ക് 2-0ന് സ്വന്തമാക്കാനും സാധിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. ഏറെ കാലം മോശം ഫോമില്‍ കുടുങ്ങിയ രോഹിത് തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെയാണ് തിരിച്ചുവരവറിയിച്ചത്. ഓപ്പണിങ് ഇറങ്ങി 90 പന്തില്‍ നിന്ന് ഏഴ് കൂറ്റന്‍ സിക്‌സറുകളും 12 ഫോറും ഉള്‍പ്പടെ 119 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ കളത്തില്‍ താണ്ഡവമാടിയത്. 132.22 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് വിമര്‍ശനങ്ങള്‍ക്ക് തക്ക മറുപടിയാണ് നല്‍കിയിരിക്കുന്നത്. ഇതോടെ ഏകദിനത്തില്‍ തന്റെ 32ാം സെഞ്ച്വറിയാണ് രോഹിത് നേടിയത്. മാത്രമല്ല മത്സരത്തിലെ താരമകാനും രോഹിത്തിമന് സാധിച്ചു.
ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനും രോഹിത്തിന് സാധിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിനെയാണ് രോഹിത് മറികടന്നത്. റെക്കോഡ് നേട്ടത്തില്‍ മുന്നിലുള്ളത് പാകിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയാണ്.
ഷാഹിദ് അഫ്രീദി – 351
രോഹിത് ശര്‍മ – 338
ക്രിസ് ഗെയ്ല്‍ – 331
സനത് ജയസൂര്യ – 270
എം.എസ്. ധോണി – 229
രോഹിത്തിന് പുറമെ മിന്നും പ്രകടനം കാഴ്ചവെച്ചത് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. 52 പന്തില്‍ നിന്ന് ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് താരം നേടിയത്. തിരിച്ച് ഫോമില്‍ എത്തുമെന്ന് കരുതിയ വിരാട് കോഹ്‌ലി വീണ്ടും ആരാധകരെ നിരാശപ്പെടുത്തി അഞ്ച് റണ്‍സിനാണ് മടങ്ങിയത്. ആദ്യ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ ശ്രേയസ് അയ്യര്‍ 47 പന്തില്‍ നിന്ന് 44 റണ്‍സ് നേടി. ബട്‌ലറിന്റെ ത്രോയില്‍ റണ്‍ ഔട്ട് ആയ അയ്യര്‍ മൂന്ന് ഫോറും ഒരു സിക്‌സുമാണ് നേടിയത്. അക്‌സര്‍ പട്ടേല്‍ 43 പന്തില്‍ 44 റണ്‍സ് നേടി മികവ് പുലര്‍ത്തുകയും ചെയ്തിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി ജെയ്മി ഓവര്‍ട്ടണ്‍ രണ്ട് വിക്കറ്റും ഗസ് ആറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ബെന്‍ ഡക്കറ്റും ജോ റൂട്ടുമാണ്. ഓപ്പണര്‍ ഡക്കറ്റ് 56 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടെ 65 റണ്‍സാണ് നേടിയത്. റൂട്ട് 72 പന്തില്‍ ആറ് ഫോര്‍ അടക്കം 69 റണ്‍സ് നേടി. മധ്യ നിരയില്‍ ലിയാം ലിവിങ്‌സ്റ്റണ്‍ 41 റണ്‍സും നേടിയിരുന്നു.
കഴിഞ്ഞ മത്സരത്തിലെന്ന പോലെ ഈ തവണയും രവീന്ദ്ര ജഡേജ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് നടത്തിയത്. 10 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം മൂന്ന് വിക്കറ്റ് നേടിയാണ് ജഡ്ഡു മികവ് പുലര്‍ത്തിയത്. മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും നേടി. പരമ്പരയിലെ അവസാന മത്സരം ഫെബ്രുവരി 12ന് അഹമ്മദാബാദിലാണ് നടക്കുന്നത്.
Content Highlight: Rohit Sharma Surpassed Chris Gayle In ODI Six Hitting Record