ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം കൊളംബോയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് അവസാനിച്ചിരിക്കുകയാണ്. 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 240 റണ്‍സാണ് ലങ്കയ്ക്ക് നേടാന്‍ സാധിച്ചത്.
നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് പുരോഗമിക്കുകയാണ്. 17 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് ഓവറില്‍ 116 റണ്‍സാണ് ഇന്ത്യ നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇടിമിന്നല്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്.
44 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 64 റണ്‍സാണ് ക്യാപ്റ്റന്‍ അടിച്ച് കൂട്ടിയത്. 145.45 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടം രോഹിത്തിനെ കൊണ്ടെത്തിച്ചത് ഒരു തകര്‍പ്പന്‍ റെക്കോഡിലാണ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍ല് നേടുന്ന താരം എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. സാക്ഷാല്‍ സച്ചിനെ മറികടന്നുകൊണ്ട് താരം ഈ റെക്കോഡ് നേടിയത്.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍ല് നേടുന്ന താരം, എണ്ണം, ഇന്നിങ്‌സ്
രോഹിത് ശര്‍മ – 121 – 353
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 120 – 342
മത്സരത്തില്‍ വൈസ്‌ക്യാപ്റ്റന്‍ ഗില്‍ 35 റണ്‍സില്‍ പുറത്തായപ്പോള്‍ വിരാട് കോഹ്‌ലി 14 റണ്‍സിന് മടങ്ങി ആരാധകരെ നിരാശരാക്കി. ജെഫ്രി വാന്‍ഡര്‍സായിക്കാണ് വിക്കറ്റ്. തുടര്‍ന്ന് ശിവം ദുബെയെ പൂജ്യം റണ്‍സിന് ജെഫ്രി പുറത്താക്കി വീണ്ടും വേട്ട തുടങ്ങി. നിലവില്‍ ഏഴ് റണ്‍സുമായി അക്‌സര്‍ പട്ടേലും ആറ് റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് കനത്ത തിരിച്ചടി നല്‍കിയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ ഓവറിനെത്തിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് ഓപ്പണര്‍ പാതും നിസങ്കയെ സൈഡ് എഡ്ജില്‍ കുരുക്കി കീപ്പര്‍ കെ.എല്‍ രാഹുലിന്റെ കയ്യിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 56 റണ്‍സ് നേടി ലങ്കയുടെ നെടുന്തൂണായി നിന്ന നിസങ്കയ്ക്ക് ഗോള്‍ഡന്‍ ഡക്കായാണ് കളത്തില്‍ നിന്നും മടങ്ങേണ്ടി വന്നത്.
അവിഷ്‌ക ഫെര്‍ണാണ്ടോ 62 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ യങ് ബോളര്‍ വാഷിങ്ടണ്‍ സുന്ദറാണ് താരത്തെ പുറത്താക്കി ഇന്ത്യക്ക് രണ്ടാമത്തെ വിക്കറ്റ് നേടിക്കൊടുത്തത്. തുടര്‍ന്ന് 30 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസിനെയും സുന്ദര്‍ ഒരു എല്‍.ബി.ഡബ്ല്യുവില്‍ വീഴ്ത്തി.
അവസാന ഘട്ടത്തില്‍ ലങ്കയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ദുനിത് വെല്ലാലഗെയും കമിന്ദു മെന്‍ഡിസുമാണ്. ഏഴാമനായി ഇറങ്ങിയ ദുനിത് 35 പന്തില്‍ നിന്ന് രണ്ട് സിക്സും ഒരു ഫോറും അടക്കം 39 റണ്‍സാണ് നേടിയത്.
14 റണ്‍സിന് സതീര സമരവിക്രമയെ അക്‌സര്‍ പട്ടേലും പുറത്താക്കിയതോടെ ക്യാപ്റ്റന്‍ ചരിത് അസലങ്കയെ 25 റണ്‍സിന് പുറത്താക്കി സുന്ദര്‍ തന്റെ മൂന്നാം വിക്കറ്റും നേടി.
Content Highlight: Rohit Sharma Surpass Sachin Tendulkar In International Cricket