വമ്പന്‍ പരിക്കില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് രോഹിത്; ടോസിന് തൊട്ടുമുമ്പ് സംഭവിച്ചതിങ്ങനെ; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം ഓവലില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ടോസിന് തൊട്ടുമുമ്പ് നടന്ന ഒരു സംഭവമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി നേരിട്ടേക്കാവുന്ന സാഹചര്യത്തില്‍ നിന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ടോസിനായി കളത്തിലിറങ്ങവെ സ്‌റ്റെയര്‍കെയ്‌സില്‍ നിന്നും രോഹിത് ശര്‍മ തെന്നി വീഴാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ അദ്ദേഹം നില വീണ്ടെടുത്തതിനാല്‍ വമ്പന്‍ അപകടത്തില്‍ നിന്നുമാണ് രോഹിത്തും ഇന്ത്യയും രക്ഷപ്പെട്ടത്.

സംഭവത്തിന്റെ വീഡിയോ കാണാം.

അതേസമയം, ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ദിനം ലഞ്ചിന് പിരിയും മുമ്പ് തന്നെ ഇന്ത്യ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെയാണ് ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. നാലാം ഓവറിലെ നാലാം പന്തില്‍ സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയാണ് ആദ്യ വിക്കറ്റായി പുറത്തായത്.

മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന് ക്യാച്ച് നല്‍കിയാണ് ഖവാജ പുറത്തായത്. പത്ത് പന്തില്‍ നിന്നും റണ്ണൊന്നും നേടാതെയാണ് ഖവാജ പുറത്തായത്.

ആദ്യ സെഷന്‍ അവസാനിക്കാന്‍ എട്ട് പന്ത് ബാക്കി നില്‍ക്കവെയാണ് ഓസീസിന് രണ്ടാം വിക്കറ്റും നഷ്ടമായത്. ഇന്‍ഫോം ബാറ്റര്‍ ഡേവിഡ് വാര്‍ണറെയാണ് ഇന്ത്യ മടക്കിയത്.

ഷര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച വാര്‍ണറിന് പിഴയ്ക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ എസ്. ഭരത്തിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് വാര്‍ണറിനെ മടക്കിയത്. അര്‍ധ സെഞ്ച്വറിയിലേക്ക് കുതിച്ച വാര്‍ണര്‍ ഏഴ് റണ്‍സകലെ വീഴുകയായിരുന്നു.

60 പന്തില്‍ നിന്നും ഏട്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 71.67 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 43 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

നിലവില്‍ 23 ഓവറില്‍ 73 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 61 പന്തില്‍ നിന്നും 26 റണ്‍സുമായി മാര്‍നസ് ലബുഷാനും ഒമ്പത് പന്തില്‍ നിന്നും രണ്ട് റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.

Content highlight: Rohit Sharma slips down the stairs

Latest Stories