ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഹോം ഗ്രൗണ്ട് ഡോമിനേഷന്‍ വെറും ചീട്ടുകൊട്ടാരമാകുന്ന കാഴ്ചയ്ക്കായിരുന്നു ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം സാക്ഷ്യം വഹിച്ചത്. 12 വര്‍ഷത്തിന് ശേഷം ആദ്യമായി ഹോം ഗ്രൗണ്ടില്‍ പരമ്പര നഷ്ടപ്പെടുത്തിയ ഇന്ത്യ, ഹോം കണ്ടീഷനില്‍ ചരിത്രത്തിലെ ഏറ്റവും മോശം പരാജയും ഏറ്റുവാങ്ങി.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ തോല്‍വിയായിരുന്നു ഇന്ത്യക്ക് നേരിടേണ്ടി വന്നത്.
ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയതിന് പിന്നാലെയാണ് ഇന്ത്യ മൂന്നാം ടെസ്റ്റില്‍ പരാജയം സമ്മതിച്ചത്.
വാംഖഡെയിലും തോറ്റതോടെ ഒരു മോശം റെക്കോഡും രോഹിത്തിനെ തേടിയെത്തി. ഹോം കണ്ടീഷനില്‍ ഏറ്റവുമധികം മത്സരം പരാജയപ്പെടുന്ന ഇന്ത്യന്‍ നായകന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നാണ് രോഹിത് അനാവശ്യ റെക്കോഡ് തന്റെ പേരിലാക്കിയത്.
തന്റെ 16ാം ഹോം ടെസ്റ്റില്‍ ഇത് അഞ്ചാം തവണയാണ് രോഹിത് തോല്‍വിയേറ്റുവാങ്ങുന്നത്.
ഇതിഹാസ താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ് ഈ മോശം നേട്ടത്തിന്റെ പട്ടികയില്‍ ഒന്നാമതുള്ളത്.
ഏറ്റവുമധികം ഹോം ടെസ്റ്റുകള്‍ പരാജയപ്പെട്ട ഇന്ത്യന്‍ നായകന്‍
(താരം – മത്സരം – പരാജയപ്പെട്ട മത്സരങ്ങള്‍ എന്നീ ക്രമത്തില്‍)
മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി – 27 – 9
രോഹിത് ശര്‍മ – 16* – 5*
കപില്‍ ദേവ് – 20 – 4
മുഹമ്മദ് അസറൂദ്ദീന്‍ – 20 – 4
ബിഷന്‍ സിങ് ബേദി – 8 – 3
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 12 – 3
സൗരവ് ഗാംഗുലി – 21 – 3
എം.എസ്. ധോണി – 30 – 3
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ വിരാട് കോഹ്ലിയുടെ പേരിലാണ് ഹോം കണ്ടീഷനിലെ ഏറ്റവും മികച്ച പ്രകടനം കുറിക്കപ്പെട്ടത്. ഇന്ത്യയെ നയിച്ച 31 ഹോം ടെസ്റ്റ് മാച്ചില്‍ വെറും രണ്ട് മത്സരത്തില്‍ മാത്രമാണ് വിരാട് പരാജയപ്പെട്ടത്.
ഈ തോല്‍വിക്ക് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി നേരിട്ടിരുന്നു. നിലവില്‍ ഓസ്ട്രേലിയക്ക് താഴെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരക്ക് മുമ്പ് വ്യക്തമായ ആധിപത്യം പോയിന്റ് പട്ടികയില്‍ ഇന്ത്യക്കുണ്ടായിരുന്നു. 71.67 എന്ന മികച്ച പോയിന്റ് ശതമാനമാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഓസ്ട്രേലിയക്കാകട്ടെ 62.50 ശതമാനവും.
എന്നാല്‍ പരമ്പര കിവികള്‍ വൈറ്റ് വാഷ് ചെയ്തതോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 58.33ലേക്ക് കൂപ്പുകുത്തി. രണ്ടാം സ്ഥാനത്തേക്കും ഇന്ത്യ കാലിടറി വീണു.
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളിലെ അവസാന ഹോം സീരീസിലാണ് ഇന്ത്യ ഇത്തരത്തില്‍ നാണംകെട്ട് പരാജയപ്പെട്ടത്.
ഡബ്ല്യൂ.ടി.സി ഫൈനലിനും ഇന്ത്യക്കും ഇടയില്‍ ഒന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയയാണ് തലയുയര്‍ത്തി നില്‍ക്കുന്നത്. ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് മുമ്പില്‍ ഇനിയുള്ളത്. ഈ പരമ്പരയിലെ മൂന്ന് മത്സരത്തിലെങ്കിലും വിജയിച്ചെങ്കില്‍ മാത്രമേ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനല്‍ കളിക്കാന്‍ സാധിക്കൂ.
നവംബര്‍ 22നാണ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുക എന്നതിനേക്കാളുപരി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ തന്നെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം
ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.
മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.
ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.
അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.
Content highlight: Rohit Sharma sets an unwanted record after defeat in 3rd test