Cricket
അപൂര്‍വ റെക്കോഡുമായി ഹിറ്റ്മാന്‍; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jul 13, 09:18 am
Wednesday, 13th July 2022, 2:48 pm

ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രോഹിത് ശര്‍മയുടെ അഴിഞ്ഞാട്ടമായിരുന്നു കണ്ടത്. അഗ്രസീവ് ശൈലിക്ക് പേരുകേട്ട ഇംഗ്ലണ്ടിനെതിരെ അതേ ശൈലി തന്നെ ഉപയോഗിച്ച് പരാജയപ്പെടുത്തുകയായിരുന്നു ടീം ഇന്ത്യ.

വെറും 110 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യ 10 വിക്കറ്റിന് മത്സരം വിജയിക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന് ചുക്കാന്‍ പിടിച്ചത്. 58 പന്തില്‍ 74 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്.
ഏഴ് ഫോറും അഞ്ച് സിക്‌സും രോഹിത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഇതോടെ പുതിയ റെക്കോഡ് സ്വന്തമാക്കുകയായിരുന്നു രോഹിത് ശര്‍മ. ഏകദിനത്തില്‍ 250 സിക്‌സറുകളടിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് താരം. വെടിക്കെട്ടിന് പേരുകേട്ട താരങ്ങള്‍ മാത്രമാണ് ഈ ലിസ്റ്റിലുള്ളത്.

ഈ നേട്ടം കൈവരിക്കുന്ന വെറും നാലാമത്തെ താരമാണ് രോഹിത്.
351 സിക്‌സര്‍ നേടിയ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി, 331 സിക്‌സറുമായി വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ല്‍, 270 സിക്‌സുമായി ലങ്കന്‍ ഓപ്പണിങ് ഇതിഹാസം സനത് ജയസൂര്യ എന്നിവര്‍ക്ക് പിന്നിലാണ് രോഹിത് ശര്‍മയിപ്പോള്‍.

അതേസമയം ഇംഗ്ലണ്ട് മണ്ണില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടുന്ന ബാറ്ററെന്ന റെക്കോഡും രോഹിത് സ്വന്തമാക്കിയിരുന്നു.

മുന്‍ ഇന്ത്യന്‍ നായകനും ഇപ്പോഴത്തെ കോച്ചുമായ രാഹുല്‍ ദ്രാവിഡ്, മുന്‍ നായകന്‍ വിരാട് കോഹ്‌ലി, ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ റെക്കോഡായിരുന്നു രോഹിത് മറികടന്നത്.

14 അര്‍ധസെഞ്ച്വറികളാണ് രോഹിത്തിന്റെ പേരിലുള്ളത്. വിരാട്, ദ്രാവിഡ്, വില്ല്യംസണ്‍ എന്നിവര്‍ക്ക് 13 അര്‍ധസെഞ്ച്വറികളാണുള്ളത്.

ആദ്യ മത്സരത്തില്‍ മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമെന്ന് വാഴ്ത്തപ്പെടുന്ന ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെറും 110 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇന്ത്യക്കായി ജസ്പ്രിത് ബുംറ ആറും മുഹമ്മദ് ഷമി മൂന്നും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ വെറും 18.4 ഓവറില്‍ മത്സരം വിജയിക്കുകയായിരുന്നു. ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും പുറത്താകാതെ നിന്നു. രോഹിത് 58 പന്തില്‍ 74 റണ്‍സുമായി തകര്‍ത്തടിച്ചപ്പോള്‍ 54 പന്തില്‍ 31 റണ്‍സുമായി ധവാന്‍ മികച്ച സപ്പോര്‍ട്ട് നല്‍കി.

Content Highlights: Rohit Sharma sets A new record by hitting 250 sixes in International cricket