| Sunday, 19th November 2023, 4:47 pm

രണ്ടാം സിക്‌സര്‍ പറന്നിറങ്ങിയത് ചരിത്ര റെക്കോഡിലേക്ക്; ഇനി ഏറെ നാള്‍ ഒന്നാമന്‍ രോഹിത് തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫൈനലിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. അഹമ്മദാബാദിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലേതെന്ന പോലെ ഇന്ത്യക്കായി രോഹിത് ശര്‍മ ആദ്യ വിക്കറ്റില്‍ തകര്‍ത്തടിച്ചു.

ടീം സ്‌കോര്‍ 30ല്‍ നില്‍ക്കവെ ഏഴ് പന്തില്‍ നാല് റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായെങ്കിലും രോഹിത് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടേയിരുന്നു. രോഹിത് ഒരിക്കല്‍ക്കൂടി ഹിറ്റ്മാനായ മത്സരത്തില്‍ ബൗണ്ടറികള്‍ പാഞ്ഞു.

ഒടുവില്‍ ടീം സ്‌കോര്‍ 76ല്‍ നില്‍ക്കവെ 31 പന്തില്‍ നിന്നും 47 റണ്‍സ് നേടി രോഹിത് പുറത്തായി. നാല് ഫോറും മൂന്ന് സിക്‌സറും അടക്കം 151.61 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് റണ്ണടിച്ചുകൂട്ടിയത്.

ഈ വെടിക്കെട്ടിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും രോഹിത്തിനെ തേടിയെത്തിയിരുന്നു. ഏകദിനത്തില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരം എന്ന റെക്കോഡാണ് രോഹിത് നേടിയത്. കരീബിയന്‍ സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് മറികടന്നാണ് രോഹിത് ചരിത്രമെഴുതിയത്.

ഫൈനലിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരെ 84 സിക്‌സറുകളായിരുന്നു രോഹിത് തന്റെ കരിയറില്‍ നേടിയത്. ഫൈനലിലെ ആദ്യ സിക്‌സറിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ 85 സിക്‌സര്‍ നേടിയ ഗെയ്‌ലിന്റെ റെക്കോഡിനൊപ്പമെത്തുകയും രണ്ടാം സിക്‌സറില്‍ ഗെയ്‌ലിനെ മറികടക്കുകയുമായിരുന്നു.

ഏകദിനത്തില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം സിക്സര്‍ നേടിയ താരം

(താരം – രാജ്യം – എതിരാളികള്‍ – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – ഓസ്ട്രേലിയ – 45 – 87

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട് – 34 – 85

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – ശ്രീലങ്ക – 64 – 63

സനത് ജയസൂര്യ – ശ്രീലങ്ക – പാകിസ്ഥാന്‍ – 79 – 53

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – ഇന്ത്യ – 64 – 51

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് – 35 – 50

രോഹിത് ശര്‍മ – ഇന്ത്യ – ശ്രീലങ്ക – 50 – 50

ഓയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – ഓസ്ട്രേലിയ – 56 – 48

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – സിംബാബ്‌വേ – 29 – 47

സനത് ജയസൂര്യ – ശ്രീലങ്ക – ഇന്ത്യ – 85 – 46

ഈ പട്ടികയില്‍ നിലവില്‍ കളി തുടരുന്ന ഏക താരം രോഹിത് ശര്‍മ മാത്രമാണ്. ഇക്കാരണം കൊണ്ടുതന്നെ ഈ റെക്കോഡില്‍ രോഹിത് ശര്‍മ കാലമേറെ ഒന്നാമനായി തുടരുമെന്ന കാര്യവും ഉറപ്പാണ്.

2023 ലോകകപ്പിലെ 11 മത്സരത്തില്‍ നിന്നും 597 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. 54.27 എന്ന ആവറേജിലും 152.94 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലുമാണ് രോഹിത് റണ്ണടിച്ചുകൂട്ടിയത്.

അതേസമയം, ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവില്‍ 35 ഓവര്‍ പിന്നിടുമ്പോള്‍173 റണ്‍സിന് നാല് എന്ന നിലയിലാണ്. 86 പന്തില്‍ 50 റണ്‍സുമായി കെ.എല്‍. രാഹുലും 20 പന്തില്‍ 9 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

Content Highlight: Rohit Sharma set the record of most sixes against an opponent in ODIs.

We use cookies to give you the best possible experience. Learn more