| Monday, 6th January 2025, 8:48 am

ഗവാസ്‌കറിനേക്കാള്‍ മോശം; നാണക്കേടിന്റെ അങ്ങേയറ്റത്ത് രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ പരാജയമേറ്റുവാങ്ങിയിരിക്കുകയാണ്. കാലങ്ങള്‍ക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ ഫോര്‍മാറ്റിലേക്ക് മാറിയ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ 3-1നാണ് ഇന്ത്യയുടെ പരാജയം.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ശേഷം പരമ്പരയുടെ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടാന്‍ സാധിച്ചില്ല.

സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയതാണ് പരമ്പരയില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ആരാധകരുടെ പ്രതീക്ഷകള്‍ മുഴുവന്‍ അവതാളത്തിലാക്കി.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നായകന്‍ രോഹിത് ശര്‍മ മൂന്ന് മത്സരത്തില്‍ മാത്രമാണ് കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ടീമിനൊപ്പം ചേരാതിരുന്ന രോഹിത് മോശം ഫോമിന്റെ പേരില്‍ അവസാന മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ ഇടം നേടിയില്ല. ജസ്പ്രീത് ബുംറയാണ് ഈ രണ്ട് മത്സരത്തിലും ഇന്ത്യയെ നയിച്ചത്.

ഈ കളിച്ച മൂന്ന് മത്സരത്തില്‍ ഒരിക്കല്‍ മാത്രമാണ് രോഹിത്തിന് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. അതും പത്ത് റണ്‍സ് മാത്രം.

ഈ മോശം പ്രകടനത്തിന് പിന്നാലെ ഒരു അനാവശ്യ റെക്കോഡും രോഹിത്തിനെ തേടിയെത്തി. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ചുരുങ്ങിയത് അഞ്ച് ഇന്നിങ്‌സുകളെങ്കിലും കളിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവും കുറവ് റണ്‍സ് നേടിയ ക്യാപ്റ്റന്‍ എന്ന മോശം റെക്കോഡാണ് രോഹിത് തന്റെ പേരിലെഴുതിച്ചേര്‍ത്തത്.

ഈ പട്ടികയിലെ ഏറ്റവും മോശം ശരാശരിയും രോഹിത്തിന്റെ പേരില്‍ തന്നെയാണ്.

ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കുറവ് റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ (ചുരുങ്ങിയത് അഞ്ച് ഇന്നിങ്‌സ്/ 1-7 വരെയുള്ള ബാറ്റര്‍മാര്‍)

(താരം – റണ്‍സ് – ശരാശരി – വര്‍ഷം എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 31 – 6.20 – 2024*

എം.എസ്. ധോണി – 96 – 24.00 – 2011

സുനില്‍ ഗവാസ്‌കര്‍ – 118 – 19.66 – 1981

ലാല അമര്‍നാഥ് – 140 – 14.00 – 1947

ഈ മോശം പ്രകടനത്തിന് പിന്നാലെ രോഹിത് ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

Content Highlight: Rohit Sharma set an unwanted record of fewest runs by an Indian captain in a test series in Australia

We use cookies to give you the best possible experience. Learn more