മറ്റൊരു അര്‍ധ സെഞ്ച്വറി കൂടി തന്റെ പേരില്‍ എഴുതിച്ചേര്‍ത്താണ് രോഹിത് ശര്‍മ ലോകകപ്പ് ക്യാമ്പെയ്‌നിറങ്ങുന്നത്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തിലാണ് ഹിറ്റ്മാന്‍ വീണ്ടും തന്റെ ക്ലാസ് പുറത്തെടുത്തത്. തന്റെ കരിയറിലെ 97ാം അര്‍ധ സെഞ്ച്വറിയാണ് രോഹിത് കഴിഞ്ഞ ദിവസം സൗരാഷ്ട്രയില്‍ കുറിച്ചത്.
57 പന്തില്‍ നിന്നും 81 റണ്‍സാണ് രോഹിത് നേടിയത്. 142.11 എന്ന തകര്‍പ്പന്‍ സട്രൈക്ക് റേറ്റിലാണ് രോഹിത് റണ്ണടിച്ചുകൂട്ടിയത്. ആറ് സിക്‌സറും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു രോഹിത്തിന്റെ വെടിക്കെട്ട്.
മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തവെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായിട്ടായിരുന്നു രോഹിത്തിന്റെ മടക്കം. ആ സമയം ഇന്ത്യ 144 റണ്‍സാണ് നേടിയിരുന്നത്.
ഈ വെടിക്കെട്ടിന് പിന്നാലെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയൊരു റെക്കോഡിന് തൊട്ടടുത്തെത്തയിരിക്കുകയാണ് ഹിറ്റ്മാന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം എന്ന റെക്കോഡിനടുത്താണ് താരമെത്തിയത്.
നിലവില്‍ 551 സിക്‌സറുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രോഹിത് ശര്‍മ. 553 സിക്‌സറുമായി വെസ്റ്റ് ഇന്‍ഡീസ് ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റര്‍ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാമന്‍.
ഇനി രണ്ട് സിക്‌സര്‍ നേടിയാല്‍ രോഹിത് ശര്‍മക്ക് ഗെയ്‌ലിനൊപ്പമെത്താനും മറ്റൊരു സിക്‌സര്‍ കൂടി നേടിയാല്‍ ഗെയ്‌ലിനെ മറികടക്കാനും സാധിക്കും.
ഏകദിനത്തില്‍ 292 സിക്‌സറാണ് രോഹിത്തിന്റെ പേരിലുള്ളത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 77 തവണ സിക്‌സര്‍ നേടിയ രോഹിത് ടി-20യില്‍ 182 തവണയും അതിര്‍ത്തി കടത്തിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ 66 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഓസീസ് ഉയര്‍ത്തിയ 353 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 286 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്, മാര്‍നസ് ലബുഷാന്‍ എന്നിവര്‍ ഓസ്‌ട്രേലിയക്കായി അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.
മൂന്നാം ഏകദിനത്തില്‍ പരാജയപ്പെട്ടെങ്കിലും ആദ്യ രണ്ട് മത്സരത്തിലും വിജയിച്ചതിനാല്‍ ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.
അതേസമയം, ഈ പരമ്പരക്ക് ശേഷം ലോകകപ്പ് സന്നാഹ മത്സരത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. സെപ്റ്റംബര്‍ 30ന് ഇംഗ്ലണ്ടിനെതിരെ ബര്‍സാപരയിലും ഒക്ടോബര്‍ മൂന്നിന് നെതര്‍ലന്‍ഡ്സിനെതിരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലുമാണ് സന്നാഹ മത്സരങ്ങള്‍ നടക്കുന്നത്.
Content highlight: Rohit Sharma second on 551 sixes, nears Chris Gayle’s record