|

ചിരിച്ചുകൊണ്ട് റിവ്യൂ എടുത്ത രോഹിത് പെട്ടെന്ന് ബൗളറെ 'തെറി' പറഞ്ഞതെന്തിന്? വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 270 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം ഓടിയടുക്കുകയാണ്. ഹര്‍ദിക് പാണ്ഡ്യയുടെയും സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെയും ബൗളിങ് മികവാണ് വമ്പന്‍ സ്‌കോറിലേക്ക് കുതിച്ച ഓസീസിനെ തടഞ്ഞുനിര്‍ത്തിയത്.

ഹര്‍ദിക്കും കുല്‍ദീപും മൂന്ന് വിക്കറ്റ് വീതമാണ് വീഴ്ത്തിയത്. മുഹമ്മദ് സിറാജും അക്‌സര്‍ പട്ടേലും രണ്ട് വീതം വിക്കറ്റും വീഴ്ത്തിയതോടെ കങ്കാരു വധം പൂര്‍ണമായി.

മത്സരത്തില്‍ ഓസീസ് സൂപ്പര്‍ താരം ആഷ്ടണ്‍ അഗറിനെ പുറത്താക്കിയത് അക്‌സര്‍ പട്ടേലായിരുന്നു. അഗറിന്റെ പുറത്താവലിനേക്കാള്‍ ചര്‍ച്ചയായത് നേരത്തെ അഗറിനെതിരെ കുല്‍ദീപ് യാദവ് ഉയര്‍ത്തിയ അപ്പീലാണ്.

39ാം ഓവറിലെ അവസാന പന്തിലാണ് സംഭവം നടന്നത്. ആഷ്ടണ്‍ അഗറിനെതിരെ കുല്‍ദീപ് നടത്തിയ എല്‍.ബി.ഡബ്ല്യൂ അപ്പീല്‍ അമ്പയര്‍ തള്ളുകയായിരുന്നു. എന്നാല്‍ കുല്‍ദീപ് രോഹിത്തിനോട് റിവ്യൂ എടുക്കാന്‍ ആവശ്യപ്പെട്ടു.

കുല്‍ദീപ് രോഹിത്തിനോട് റിവ്യൂ എടുക്കാന്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നിരുന്നു. താരത്തിന്റെ നിര്‍ബന്ധം കാരണം രോഹിത് റിവ്യൂ എടുക്കുകയായിരുന്നു. റിവ്യൂ എടുത്തതിന് പിന്നാലെ ചിരിച്ചുകളിച്ചുകൊണ്ടിരുന്ന രോഹിത്തിന്റെ ഭാവം പെട്ടെന്ന് മാറുകയും കുല്‍ദീപിനെ വഴക്ക് പറയുകയുമായിരുന്നു. എന്തിനാണ് രോഹിത് കുല്‍ദീപിനെ വഴക്ക് പറഞ്ഞതെന്ന കാര്യം വ്യക്തമല്ല.

അഗറിനെതിരെ എടുത്ത ഡി.ആര്‍.എസില്‍ താരം നോട്ട് ഔട്ടാണെന്ന് വിധിക്കുകയും ഇന്ത്യയുടെ റിവ്യൂ നഷ്ടപ്പെടുകയും ചെയ്തു.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി രോഹിത് ശര്‍മ പുറത്തായി. പത്താം ഓവറിന്റെ ആദ്യ പന്തില്‍ ടീം സ്‌കോര്‍ 65ല്‍ നില്‍ക്കവെയായിരുന്നു രോഹിത്തിന്റെ മടക്കം. 17 പന്തില്‍ നിന്നും 30 റണ്‍സ് നേടി നില്‍ക്കവെയാണ് രോഹിത് ശര്‍മ പുറത്തായത്.

നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ 80 റണ്‍സിന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ. 49 പന്തില്‍ നിന്നും 37 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

ഒമ്പത് റണ്‍സ് നേടിയ വിരാട് കോഹ്‌ലിയും രണ്ട് റണ്‍സ് നേടിയ കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

Content Highlight: Rohit Sharma screams at Kuldeep Yadav