| Thursday, 19th October 2023, 8:44 pm

തോല്‍പ്പിക്കുന്നതിന് മുമ്പ് ഷാകിബിനെ വെട്ടി ഇന്ത്യന്‍ നായകന്‍; ചരിത്രത്തിലേക്ക് രോഹിത് ഗുരുനാഥ് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ തങ്ങളുടെ നാലാം മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുകയാണ്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ പിന്തുടരുകയാണ്.

മികച്ച തുടക്കമാണ് ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. 88 റണ്‍സാണ് ഇവര്‍ ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ നില്‍ക്കവെ രോഹിത് ശര്‍മയെ പുറത്താക്കി ഹസന്‍ മഹ്മൂദാണ് കൂട്ടുകെട്ട് പൊളിച്ചത്. 40 പന്ത് നേരിട്ട് ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കമാണ് രോഹിത് 48 റണ്‍സ് നേടിയത്.

അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചില്ലെങ്കിലും ലോകകപ്പിലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരുന്നു. ലോകകപ്പില്‍ വിജയലക്ഷ്യം പിന്തുടരവെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ബംഗ്ലാ സൂപ്പര്‍ താരവും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഷാകിബ് അല്‍ ഹസന്റെ റെക്കോഡാണ് രോഹിത് ശര്‍മ മറികടന്നത്.

19 ഇന്നിങ്‌സുകളില്‍ നിന്നും 743 റണ്‍സ് നേടിയ ഷാകിബിന്റെ പേരായിരുന്നു റെക്കോഡ് പുസ്തകത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ പുനെയില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ രോഹിത്തിന്റെ പേരില്‍ 771 റണ്‍സാണ് കുറിക്കപ്പെട്ടത്. 13 ഇന്നിങ്‌സില്‍ നിന്നുമാണ് രോഹിത് ഈ നേട്ടം കുറിച്ചത്.

അതേസമയം, രോഹിത് ശര്‍മക്ക് നേടാന്‍ സാധിക്കാതെ പോയ അര്‍ധ സെഞ്ച്വറി നേടിക്കൊണ്ടാണ് ശുഭ്മന്‍ ഗില്ലും വിരാട് കോഹ്‌ലിയും തിളങ്ങുന്നത്. ഗില്‍ 55 പന്തില്‍ 53 റണ്‍സ് നേടിയാണ് പുറത്തായത്. ലോകകപ്പിലെ ഗില്ലിന്റെ ആദ്യ അര്‍ധ സെഞ്ച്വറിയാണിത്.

48 പന്തില്‍ 50 പൂര്‍ത്തിയാക്കിയാണ് വിരാട് കോഹ്‌ലി ബാറ്റിങ് തുടരുന്നത്. നിലവില്‍ 27 ഓവര്‍ പിന്നിടുമ്പോള്‍ 171 റണ്‍സിന് രണ്ട് എന്ന നിലയിലാണ്. 21 പന്തില്‍ 18 റണ്‍സുമായി ശ്രേയസ് അയ്യരാണ് ഒപ്പമുള്ളത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ഓപ്പണര്‍മാരായ ലിട്ടണ്‍ ദാസിന്റെയും തന്‍സിദ് ഹസന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. ദാസ് 82 പന്തില്‍ 66 റണ്‍സ് നേടിയപ്പോള്‍ 43 പന്തില്‍ 51 റണ്‍സാണ് ഹസന്‍ സ്വന്തമാക്കിയത്.

ഇവര്‍ക്ക് പുറമെ മഹ്മദുള്ളയും (36 പന്തില്‍ 46) മുഷ്ഫിഖര്‍ റഹീമും (46 പന്തില്‍ 38) ബംഗ്ലാ ടോട്ടലില്‍ നിര്‍ണായകമായി.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവും ഷര്‍ദുല്‍ താക്കൂറുമാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

Content highlight: Rohit Sharma scored most runs in the ICC Cricket World Cup chases.

Latest Stories

We use cookies to give you the best possible experience. Learn more