ഹാട്രിക് നേടി മുംബൈ ഇന്ത്യന്‍സിനെ വിറപ്പിച്ചവന്‍; എന്തുകൊണ്ട് ബൗളിങ് ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് രോഹിത്
Sports News
ഹാട്രിക് നേടി മുംബൈ ഇന്ത്യന്‍സിനെ വിറപ്പിച്ചവന്‍; എന്തുകൊണ്ട് ബൗളിങ് ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd October 2023, 8:30 am

ഐ.സി.സി ഏകദിന ലോകകപ്പിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. 2011ന് ശേഷം ലോകകപ്പ് വീണ്ടും ഇന്ത്യന്‍ മണ്ണിലേക്കെത്തുമ്പോള്‍ ആ കിരീട നേട്ടം വീണ്ടും ആവര്‍ത്തിക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്. സൂപ്പര്‍ താരം രോഹിത് ശര്‍മയാണ് മെന്‍ ഇന്‍ ബ്ലൂവിനെ നയിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ ആദ്യ ലോകകപ്പാണിത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും സ്ഥിരത പുലര്‍ത്തുന്ന ഇന്ത്യക്കുള്ള പ്രധാന പോരായ്മ ഒരു പാര്‍ട് ടൈം ബൗളര്‍ ഇല്ലാത്തതാണ്. മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരേന്ദര്‍ സേവാഗും യുവരാജ് സിങ്ങും സുരേഷ് റെയ്‌നയും കൃത്യമായി നിര്‍വഹിച്ച ആ റോള്‍ ഏറ്റെടുക്കാന്‍ ഇന്ന് ഇന്ത്യന്‍ ടീമില്‍ ആര്‍ക്കും സാധിക്കുന്നില്ല.

എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ ബൗളിങ്ങിലും കൈവെക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ഒരു താരം ഇപ്പോള്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ തന്നെയുണ്ട്. ശേഷം ബാറ്റിങ്ങിലേക്ക് തന്റെ ശ്രദ്ധ പൂര്‍ണമായും മാറ്റിയ രോഹിത് ശര്‍മയായിരുന്നു ആ താരം. കരിയറില്‍ ഹാട്രിക്കടക്കം നേടിയ രോഹിത് എന്തുകൊണ്ട് ബൗളിങ് പൂര്‍ണമായും ഉപേക്ഷിച്ചു എന്ന് പറയുകയാണ്.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു രോഹിത് ബൗളിങ് ഉപേക്ഷിച്ചതിനെ കുറിച്ച് പറഞ്ഞത്. പന്തെറിയുമ്പോള്‍ കൈവിരലിന് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും ഇത് ബാറ്റിങ്ങിനെ ബാധിക്കുമെന്ന പേടിയുണ്ടെന്നും രോഹിത് പറഞ്ഞു.

‘പന്തെറിയുമ്പോള്‍ എന്റെ കൈവിരലില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട്. ഇതുകൊണ്ടുതന്നെ ഈ വേദന വകവെക്കാതെ പന്തെറിയുകയാണെങ്കില്‍ എന്റെ ബാറ്റിങ്ങിനെ അത് ബാധിക്കാന്‍ സാധ്യതയുണ്ട്. ബൗളിങ് കാരണം എന്റെ ബാറ്റിങ്ങിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ രോഹിത് ശര്‍മ പറഞ്ഞു.

എന്നാല്‍ താന്‍ ബൗളിങ് പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും നെറ്റ്‌സില്‍ പന്തെറിയാറുണ്ടെന്നും ഇനിയെന്ത് സംഭവിക്കുമെന്ന് കണ്ടറിയാമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റില്‍ ഇന്ത്യക്കായി 16 ഇന്നിങ്‌സില്‍ പന്തെറിഞ്ഞ രോഹിത് ഏകദിനത്തില്‍ 38 മത്സരത്തിലും അന്താരാഷ്ട്ര ടി-20കളില്‍ ഒമ്പത് മത്സരത്തിലും ഇന്ത്യക്കായി ബൗളറുടെ റോളിലെത്തിയിട്ടുണ്ട്. ടെസ്റ്റില്‍ രണ്ട് വിക്കറ്റ് നേടിയ രോഹിത് ഏകദിനത്തില്‍ എട്ട് വിക്കറ്റും അന്താരാഷ്ട്ര ടി-20യില്‍ ഒരു വിക്കറ്റുമാണ് നേടിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 24 വിക്കറ്റ് വീഴ്ത്തിയ രോഹിത് ലിസ്റ്റ് എയില്‍ 30 വിക്കറ്റും ടി-20യില്‍ 29 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഭാഗമായിരിക്കെ 2009ലാണ് രോഹിത് തന്റെ ഹാട്രിക് സ്വന്തമാക്കുന്നത്. ആ ഹാട്രിക് നേടിയതാകട്ടെ താന്‍ ഭാവി കെട്ടിപ്പടുത്ത മുംബൈ ഇന്ത്യന്‍സിനെതിരെയും.

ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഉയര്‍ത്തിയ 146 റണ്‍സ് ചെയ്‌സ് ചെയ്യുന്നതിനിടെ 16ാം ഓവറിലാണ് രോഹിത് ഹാട്രിക്കിന് തുടക്കമിട്ടത്. മുംബൈ സ്‌കോര്‍ 103ല്‍ നില്‍ക്കവെ 16ാം ഓവറിലെ അഞ്ചാം പന്തില്‍ അഭിഷേക് നായരെ ബൗള്‍ഡാക്കി രോഹിത് ശര്‍മ വിക്കറ്റ് വേട്ട ആരംഭിച്ചു. പകരമെത്തിയ ഹര്‍ഭജനെയും അതേരീതിയില്‍ പുറത്താക്കി രോഹിത് ശര്‍മ വീണ്ടും മുംബൈയെ ഞെട്ടിച്ചു.

18ാം ഓവറിലെ ആദ്യ പന്തില്‍ തന്റെ ഐ.പി.എല്‍ കരിയറിലെ ആദ്യ ഹാട്രിക് ലക്ഷ്യമിട്ട് രോഹിത് ശര്‍മ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക്. ഭാവിയില്‍ താന്‍ കിരീടത്തിലേക്ക് നയിക്കേണ്ട ടീമിനെതിരെ അന്നത്തെ തന്റെ ക്യാപ്റ്റന്‍ ഗില്‍ക്രിസ്റ്റിനൊപ്പം നടത്തിയ മിന്നല്‍ നീക്കത്തില്‍ ഡുമ്നി പുറത്ത്.

ഐ.പി.എല്ലിലെ തന്റെ ആദ്യ ഹാട്രിക്കും ഏക ഹാട്രിക്കും തികച്ച രോഹിത് ശര്‍മ ആരാധകരുടെ മനസിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. ആ ഓവറില്‍ തന്നെ സൗരഭ് തിവാരിയെയും പുറത്താക്കി രോഹിത് നാല് വിക്കറ്റ് നേട്ടവും ആഘോഷിച്ചു. ആറ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രോഹിത് മത്സരത്തിലെ താരവുമായി തെഞ്ഞെടുക്കപ്പെട്ടു.

അതേസമയം, നെതര്‍ലന്‍ഡ്‌സിനെതിരായ സന്നാഹ മത്സരമാണ് ഇനി ഇന്ത്യക്ക് മുമ്പിലുള്ളത്. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദിയാകുന്നത്.

 

 

Content Highlight: Rohit Sharma says why he quit bowling