Sports News
അവനില്ലാത്തത് തളര്‍ത്തുന്നു, വലിയ തിരിച്ചടി; നിരാശ പങ്കുവെച്ച് രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Dec 26, 11:59 am
Tuesday, 26th December 2023, 5:29 pm

 

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം സൂപ്പര്‍ സ്‌പോര്‍ട്പാര്‍ക്കില്‍ ആരംഭിച്ചിരിക്കുകയാണ്.

സൂപ്പര്‍ താരം മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യന്‍ ടീമിന് തിരിച്ചടിയാണെന്ന് പറയുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കാണവെയാണ് രോഹിത് ഷമിയുടെ അഭാവത്തെ കുറിച്ച് സംസാരിച്ചത്.

 

 

‘ഞങ്ങളെ സംബന്ധിച്ച് ഈ പരമ്പര ഏറെ നിര്‍ണായകമാണ്. ഇതുവരെ സൗത്ത് ആഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര നേടാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ചരിത്രം കുറിക്കാനുള്ള ഒരു അവസരം തന്നെയാണിത്. രണ്ട് തവണ ഞങ്ങള്‍ പരമ്പര വിജയത്തിന് അടുത്തെത്തി. ഇത് ഞങ്ങള്‍ക്ക് നല്‍കുന്ന ആവേശം ചെറുതല്ല.

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സൗത്ത് ആഫ്രിക്കയിലും ഞങ്ങളുടെ പേസര്‍മാര്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അവരാണ് ടീമിനെ തോളിലേറ്റിയത്. എന്നാല്‍ ഇപ്പോള്‍ മുഹമ്മദ് ഷമി ഞങ്ങള്‍ക്കൊപ്പമില്ല, അത് ടീമിനെ സംബന്ധിച്ച് വളരെ വലിയ തിരിച്ചടിയാണ്,’ രോഹിത് ശര്‍മ പറഞ്ഞു.

2023 ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റതോടെയാണ് ഷമിക്ക് ഈ പരമ്പര നഷ്ടമായത്. താരം പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.

ആദ്യ മത്സരത്തില്‍ സൂപ്പര്‍ താരം രവീന്ദ്ര ജഡേജയും ഇന്ത്യയുടെ കൂടെയില്ല. പരിക്ക് മൂലമാണ് ജഡേജ ടീമിന്റെ ഭാഗമാകാത്തത് എന്നാണ് ബി.സി.സി.ഐ വ്യക്തമാക്കുന്നത്. പുറം ഭാഗത്തിനേറ്റ പരിക്കാണ് താരത്തെ പിന്നോട്ട് വലിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്‌കോര്‍ 13ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായിരുന്നു. 14 പന്തില്‍ അഞ്ച് റണ്‍സ് നേടി നില്‍ക്കവെ കഗീസോ റബാദയാണ് രോഹിത്തിനെ പുറത്താക്കിയത്.

23ല്‍ നില്‍ക്കെ ജെയ്‌സ്വാളും 24ല്‍ നില്‍ക്കവെ ഗില്ലും മടങ്ങി. 37 പന്തില്‍ 17 റണ്‍സ് നേടി ജെയ്‌സ്വാള്‍ പുറത്തായപ്പോള്‍ 12 പന്തില്‍ രണ്ട് റണ്‍സാണ് ഗില്‍ നേടിയത്. നാന്ദ്രേ ബര്‍ഗറാണ് വിക്കറ്റ് നേടിയത്.

ലഞ്ചിന് പിരിയും മുമ്പ് 91ന് മൂന്ന് എന്ന നിലയില്‍ നിന്നും 107ന് അഞ്ച് എന്ന നിലയിലേക്ക് ഇന്ത്യ വീണിരിക്കുകയാണ്. 50 പന്തില്‍ 31 റണ്‍സ് നേടിയ ശ്രേയസ് അയ്യരും 64 പന്തില്‍ 38 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുമാണ് പുറത്തായത്. കഗീസോ റബാദയാണ് വിക്കറ്റ് നേടിയത്.

നിലവില്‍ 33 ഓവര്‍ പിന്നിടുമ്പോള്‍ 15 പന്തില്‍ അഞ്ച് റണ്‍സുമായി കെ.എല്‍. രാഹുലും ആറ് പന്തില്‍ എട്ട് റണ്‍സുമായി ആര്‍. അശ്വനുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ഡീന്‍ എല്‍ഗര്‍, ഏയ്ഡന്‍ മര്‍ക്രം, ടോണി ഡി സോര്‍സി, തെംബ ബാവുമ (ക്യാപ്റ്റന്‍), കീഗന്‍ പീറ്റേഴ്‌സണ്‍, ഡേവിഡ് ബെഡ്ഡിങ്ഹം, കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), മാര്‍കോ യാന്‍സെന്‍, ജെറാള്‍ഡ് കോട്‌സി, കഗീസോ റബാദ, നാന്ദ്രേ ബര്‍ഗര്‍.

 

Content Highlight: Rohit Sharma says Mohammed Shami’s absence is major setback for India